
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം കൊണ്ട് മലക്കം മറിഞ്ഞ് സിപിഐഎം മുഖപത്രം ദേശാഭിമാനി. കഴിഞ്ഞ ദിവസം അനുകൂലിച്ച് റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന് ഇന്ന് ആശങ്ക. പ്രതിപക്ഷനേതാവ് പിണറായി വിജയന് ഇന്നലെ നിയമസഭയില്‍ ഓഹരി നിക്ഷേപത്തിനെതിരേ സംശയച്ചതിന് പിന്നാലെ പത്രവും ആശങ്കയുമായി രംഗത്ത് വന്നു.
വിഴിഞ്ഞത്തേക്ക് വിദേശ മൂലധനം ഒഴുകിയെത്തുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം മുന്‍ നിര്‍ത്തിയുള്ള ഇടപെടലുകളുടെ വിജയമായി എഴുതിയ അതേ പത്രമാണ് ഇപ്പോള്‍ വിഷയത്തില്‍ കടുത്ത ആശങ്ക അറിയിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന് പിന്നാലെ, വിദേശനിക്ഷേപത്തെ അനുകൂലിച്ച് ദേശാഭിമാനി വെബ്സൈറ്റില്‍ നല്‍കിയിരുന്ന വാര്‍ത്തയും പിന്‍വലിച്ചിട്ടുണ്ട്.
നിലവിലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് വിഴിഞ്ഞത്തെ ഓഹരികള്‍ കൈമാറാന്‍ നീക്കം നടക്കുന്നതെന്നാണ് ഇന്നത്തെ റിപ്പോര്‍ട്ട്. ഈ വില്പന തുറമുഖത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ആഗോള ഷിപ്പിങ് ഭീമനായ എം.എസ്.സി കമ്പനിയ്ക്ക് നല്‍കേണ്ടി വരുമെന്നാണ് പത്രം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് നിയമസഭയില്‍ ഇന്നലെ ഈ ഓഹരി കൈമാറ്റത്തെ വിമര്‍ശിച്ചിരുന്നു.
തുറമുഖത്തിന്റെ സ്വയംഭരണത്തെ ബാധിക്കുമെന്ന ആശങ്കയും ചൂണ്ടിക്കാണിച്ചിരുന്നു. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറ്റം ചെയ്യണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചുകൊണ്ട് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം സുരക്ഷാ ആശങ്കയും പങ്കുവെച്ചിരുന്നു.
നേരത്തെ, വിദേശനിക്ഷേപം എല്‍.ഡി.എഫിന്റെ നേട്ടമാണെന്ന രീതിയില്‍ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരേ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 13000 കോടിയുടെ ഓഹരി കൈമാറുന്നത് ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാണെന്ന് അദാനി പോര്‍ട്ടിന്റെ വാദം എന്നും കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും ദേശാഭിമാനിയുടെ വാര്‍ത്തയില്‍ പറയുന്നു.
