മകൾ റൂഹി എഡിറ്റ് ചെയ്ത എഐ ചിത്രം പങ്കുവെച്ച് കരൺ ജോഹർ; ശ്രദ്ധ നേടി സോഷ്യൽ മീഡിയ പോസ്റ്റ്
മകൾ റൂഹി എഡിറ്റ് ചെയ്ത എഐ ചിത്രം പങ്കുവെച്ച് കരൺ ജോഹർ; ശ്രദ്ധ നേടി സോഷ്യൽ മീഡിയ പോസ്റ്റ്
Authored by Web Desk | Last updated: 02 Jul 2026, 10:22 AM | 1 min read
photo-www.instagram.com/karanjohar/
മകൾ റൂഹി എഡിറ്റ് ചെയ്ത തന്റെ ഒരു എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടനും സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നും ഇതിന്റെ ക്രെഡിറ്റ് മകൾക്കാണെന്നും കരൺ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ‘മകൾ ചെയ്ത ചാറ്റ് ജിപിടി ഫോട്ടോഷോപ്പ്, ഇത് പോസ്റ്റ് ചെയ്യണമെന്നും അവൾക്ക് ക്രെഡിറ്റ് നൽകണമെന്നും അവൾ നിർബന്ധിച്ചു’ എന്നാണ് ചിത്രത്തിനൊപ്പം കരൺ ജോഹർ കുറിച്ചത്.
മക്കളായ റൂഹിക്കും യാഷിനുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കരൺ ജോഹർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ജൂണിൽ കുട്ടികളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ മുംബൈ എയർപോർട്ടിൽ എത്തിയ കരണിന്റെയും മക്കളുടെയും വീഡിയോ വൈറലായിരുന്നു. എയർപോർട്ടിൽ വെച്ച് പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ഒരു മാതൃകാ പിതാവിനെയാണ് വീഡിയോയിൽ കണ്ടത്.
അതേസമയം 2017 ൽ വാടകഗർഭധാരണത്തിലൂടെയാണ് കരൺ ജോഹർ ഇരട്ടക്കുട്ടികളായ യാഷിനെയും റൂഹിയെയും തന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. തന്റെ പിതാവ് യാഷ് ജോഹറിന്റെ ഓർമയ്ക്കായാണ് മകന് യാഷ് എന്ന് പേര് നൽകിയിരിക്കുന്നതെന്ന് കരൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമ്മ ഹീരു ജോഹറിനൊപ്പമാണ് കരണിന്റെയും മക്കളുടെയും താമസം.