
മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ ഓർമ്മദിവസമാണിന്ന്. നിരവധി അനശ്വര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമ്മദിവസത്തിൽ കുറിപ്പ് പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക കെ.എസ്. ചിത്ര. എല്ലാ സംഗീതപ്രേമികളുടെയും ഹൃദയങ്ങളിലും ചിന്തകളിലും അദ്ദേഹം ജീവിക്കുന്നു എന്നാണ് ഗായിക കുറിച്ചത്.
"മരണം ഏൽപ്പിക്കുന്ന ഹൃദയവേദന ആർക്കും സുഖപ്പെടുത്താനാകില്ല. എന്നാൽ സ്നേഹം സമ്മാനിക്കുന്ന ഓർമ്മകൾ ആർക്കും കവർന്നെടുക്കാനും ആകില്ല. എല്ലാ സംഗീതപ്രേമികളുടെയും ഹൃദയങ്ങളിലും ചിന്തകളിലും നിങ്ങൾ എപ്പോഴും ജീവിക്കും," ചിത്രയുടെ വാക്കുകൾ ഇങ്ങനെ.
2010 ജൂലൈ 2 നാണ് എം.ജി. രാധാകൃഷ്ണൻ ഈ ലോകത്തോട് വിടപറഞ്ഞത്. അവസാനകാലത്ത് കരൾ സംബന്ധമായ അസുഖങ്ങൾ അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു. ജി. അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ദേവാസുരം, മണിച്ചിത്രത്താഴ്, മിഥുനം, കണ്ണെഴുതി പൊട്ടുംതൊട്ട്, വെള്ളാനകളുടെ നാട്, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകൾ അദ്ദേഹം ഒരുക്കി. കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടിയും നിരവധി ലളിതഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.






