
സോഷ്യല്‍ മീഡിയയില്‍ തന്നെ പുരുഷവിദ്വേഷി എന്ന് വിളിച്ച് അധിക്ഷേപിച്ചയാള്‍ക്ക് ശക്തമായ മറുപടി നല്‍കി ഗായകി ചിന്മയി ശ്രീപദ. പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവര്‍ക്ക് നിയമപരിരക്ഷ ഇല്ലാത്തതിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്ന് ചിന്മയി തുറന്നടിച്ചു. തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം.
പുരുഷവിദ്വേഷിയായ ചിന്മയി പുരുഷന്മാരെ വെറുക്കുന്നു. അവരെ വിവാഹം കഴിക്കരുത്, സ്വന്തം നിലയ്ക്ക് ജീവിക്കുക എന്നാണ് അവര്‍ പറയുന്നത് എന്നായിരുന്നു ചിന്മയിക്കെതിരെ ഒരു എക്‌സ് യൂസര്‍ പോസ്റ്റ് ചെയ്തത്.
18 വയസിനു മുകളില്‍ ഉള്ള പുരുഷന്മാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍ മതിയായ നിയമപരിരക്ഷ ഇല്ലെന്നും ആണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചും സംസാരിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് താന്‍ എന്ന് ചിന്മയി എക്‌സില്‍ കുറിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെയുള്ള ലൈംഗിക ആരോപണക്കേസുകളില്‍ നിരന്തരം പ്രതികരിക്കുന്ന തന്നെ ഒരു പുരുഷവിരോധിയായി ചിത്രീകരിക്കുന്നത് പ്രതികാരമനോഭാവത്തോടെയാണെന്നും അവര്‍ പറഞ്ഞു. അതേസമയം ഈ പോസ്റ്റ് പിന്നീട് ചിന്മയി നീക്കം ചെയ്തിട്ടുണ്ട്.
മുമ്പും ഇത്തരം ആരോപണങ്ങളില്‍ ചിന്മയി പ്രതികരിച്ചിട്ടുണ്ട്. തമിഴ് നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ജീവിതപങ്കാളി. ഇരട്ടക്കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്.






