
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും മൈക്കുകളുമായുള്ള 'പക' ഭരണമാറ്റത്തിനുശേഷവും തുടരുന്നുവെന്ന തരത്തിൽ മറ്റൊരു സംഭവം കൂടി. തിരുവനന്തപുരത്ത് നടന്ന 'ഹരിവരാസനം' സിനിമയുടെ പൂജാ ചടങ്ങിൽ സംസാരിക്കാൻ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മൈക്കിൽ സാങ്കേതിക തകരാർ നേരിട്ടു.
തുടർന്ന്, "ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ലല്ലോ" എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സമീപകാലത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും നേരിട്ട സമാന അനുഭവങ്ങളെ ഓർമ്മിപ്പിച്ച ഈ പരാമർശം വേദിയിലും സദസ്സിലും ചിരിപടർത്തി.
'തൂഫാൻ' പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ 'തൂഫാൻ വാരിയേഴ്സ്' ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്. വേദിയിലുണ്ടായിരുന്നവർക്ക് ബാഡ്ജ് വിതരണം ചെയ്ത ശേഷം പ്രസംഗം ആരംഭിക്കാനിരിക്കെയാണ് മൈക്കിൽ തകരാർ ഉണ്ടായത്. അപ്പോഴാണ് മന്ത്രി ഹാസ്യരൂപത്തിൽ പ്രതികരിച്ചത്.
സമീപകാലത്ത് നിയമസഭയിലും സമാനമായ മൈക്ക് പ്രശ്നം മുഖ്യമന്ത്രി വി.ഡി. സതീശനെ അലട്ടിയിരുന്നു. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുന്നതിനിടെയായിരുന്നു സംഭവം. ജൂൺ 29-ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യത്തിന് മറുപടിയായി, വിഷയം സർക്കാർ ഗൗരവമായി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു.






