
ബോളിവുഡില്‍ ഏറെ ആരാധകരുളള ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും ഒന്നിച്ച് മഴക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം വിക്കി തന്നെയാണ് ഈ പ്രണയാര്‍ദ്രമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
‘മഴയും നീയും’ എന്ന അടിക്കുറിപ്പോടെയാണ് വിക്കി ചിത്രം പോസ്റ്റ് ചെയ്തത്. കത്രീന വിക്കിയുടെ തോളില്‍ കൈകള്‍ വെച്ചു നില്ക്കുന്ന മനോഹരമായ ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്. പഴയകാല പ്രശസ്ത ജോഡികളായ ഗുരു ദത്തിനെയും വഹീദ റഹ്മാനെയും ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ചിലർ കുറിച്ചപ്പോൾ, ഇവരുടെ മകൻ വിഹാൻ വളരുമ്പോൾ ഈ ചിത്രം തന്റെ വാലറ്റിൽ സൂക്ഷിക്കുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.
പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഒട്ടും മടി കാണിക്കാത്ത ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. കഴിഞ്ഞ മേയ് മാസത്തില്‍ വിക്കിയുടെ ജന്മദിനത്തില് കത്രീന പങ്കുവെച്ച ആശംസ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സംശയങ്ങള്‍ക്കെല്ലാം ക്ഷമയോടെ മറുപടി നല്കുന്ന വിക്കി ഇപ്പോള്‍ മിത്തോളജി, എഐ, മേക്കപ്പ്, ബിസിനസ്സ് തുടങ്ങി എല്ലാ മേഖലകളിലും വിദഗ്ദ്ധനായി മാറിയെന്നായിരുന്നു കത്രീന തമാശയായി കുറിച്ചത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021-ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിക്കിക്കും കത്രീനയ്ക്കും മകന് വിഹാന് ജനിച്ചത്.
