
മലയാളത്തിലെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണിഗായകനാണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ നൂറിലധികം ഗാനങ്ങള്‍ ഗായകന് ആലപിച്ചിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.
ഇപ്പോഴിതാ ഒരു കുഞ്ഞു ആരാധകന്റെ വീഡിയോയയ്ക്ക് വിധു നല്കിയ രസകരമായ കമന്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു അമ്മ തന്റെ കുഞ്ഞിനെയും കയ്യിലെടുത്ത് വിധു പ്രതാപിന്റെ ഗാനത്തിന് അനുസരിച്ച് റീല്‍ ചെയ്യുന്നതാണ് വീഡിയോ. എന്നാല്‍ വീഡിയോയ്ക്കൊപ്പം നല്കിയ അടിക്കുറിപ്പാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. '' വിധു പ്രതാപ് ഈ വീഡിയോയ്ക്ക് കമന്റ് ഇടാതെ ഞാന്‍ അമ്മയുടെ ഒക്കത്തൂന്ന് ഇറങ്ങൂലാ'' എന്നായിരുന്നു കുറിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പിന്നാലെ വിധുവിന്റെ കമന്റുമെത്തി. '' മക്കളേ... ഇപ്പോഴേ ഇങ്ങനെ ഇരിക്കാന്‍ പറ്റൂ. നീ ഇറങ്ങണ്ട'' എന്നായിരുന്നു വിധു കുറിച്ചത്. താരത്തിന്റെ ഈ കൗണ്ടര്‍ മറുപടി നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.






