
മാഞ്ചസ്റ്റർ: അരങ്ങേറ്റത്തിൽ തിളങ്ങാൻ കഴിയാതെ വൈഭവ് സൂര്യവംശി. പത്ത് ബോളുകളിൽ പതിനാല് റൺസാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരത്തിലെ സ്കോർ. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്ത സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്.
അതേസമയം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി.പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കോർഡാണ് സൂര്യവംശി തകർത്തത്.1989-ൽ കറാച്ചിയിൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ സച്ചിൻ അരങ്ങേറ്റം കുറിക്കുമ്പോൾ 16 വയസ്സും 205 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.സൂര്യവംശിക്ക് ഇപ്പോൾ 15 വയസ്സും 99 ദിവസവും മാത്രമാണ് പ്രായം.
ഇതിനുപുറമെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും സൂര്യവംശി സ്വന്തമാക്കി. 2019 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിക്കുമ്പോൾ സൂര്യവംശിയേക്കാൾ ഏതാനും ദിവസങ്ങൾ മാത്രം പ്രായക്കൂടുതലുണ്ടായിരുന്ന ഷെഫാലി വർമ്മയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.






