
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം. നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് കെ. രാധാകൃഷ്‌ണന്‍ എം.പി, എ.സി. മൊയ്‌തീന്‍ എം.എല്‍.എ, സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, കെ.സി. പ്രേമരാജന്‍, എ.ആര്‍. പീതാംബരന്‍, എം.ബി. രാജന്‍, എം.ബി. രാജു എന്നിവര്‍ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമ (പി.എം.എല്‍.എ) കോടതിയില്‍ ഹാജരായത്.
പ്രതിസ്‌ഥാനത്തുള്ള സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രതിനിധികള്‍ ഹാജരായില്ല. തുടര്‍ന്ന് ഈ മാസം 21നു സി.പി.എം. ജില്ലാ സെക്രട്ടറി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ശേഷിക്കുന്ന മറ്റു പ്രതികള്‍ക്കും അന്നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 28 പേരെ ഉള്‍പ്പെടുത്തി ഇ.ഡി. സമര്‍പ്പിച്ച അധിക കുറ്റപത്രം അംഗീകരിച്ച സാഹചര്യത്തില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണു പ്രതികള്‍ കോടതിയിലെത്തി ജാമ്യമെടുത്തത്. ആകെ 83 പ്രതികളാണുള്ളത്.






