
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെയും ഭര്‍ത്താവ് അശ്വിന് ഗണേഷിന്റെയും മകന് ഓമിയുടെ ഒന്നാം പിറന്നാളാണിന്ന്. മകന് ആശംസകള്‍ അറിയിച്ച് ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
"നീ എന്റെ കൈകളിലേക്ക് വന്ന ആ നിമിഷം മുതല്‍ എന്റെ ഹൃദയം മുഴുവന്‍ നീ കീഴടക്കി. കഴിഞ്ഞ ഒരു വര്‍ഷമായി നീ വളരുന്നത് കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. എന്റെ കൊച്ചു അത്ഭുതത്തിന് ഒന്നാം ജന്മദിനാശംസകള്. ഇനി ജീവിതകാലം മുഴുവന്‍ സന്തോഷവും മാന്ത്രികതയും നിറയട്ടെ" എന്നായിരുന്നു വീഡിയോയ്ക്കൊപ്പം ദിയ കുറിച്ചത്. വീഡിയോയില്‍ മകനെ കളിപ്പിക്കുന്ന ദിയയെയും അശ്വിനെയും കാണാം. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ഓമിക്ക് ജന്മദിനാശംസകളുമായെത്തുന്നത്.
ദിയയുടെ സഹോദരി ഇഷാനി കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ആശംസകള്‍ കമന്റായി കുറിച്ചിട്ടുണ്ട്. "എന്റെ ഓമി രാജകുമാരന് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്" എന്നായിരുന്നു ഇഷാനി കുറിച്ചത്. "എന്റെ ചക്കര ഓമിക്ക് ജന്മദിനാശംസകള്" എന്നായിരുന്നു സിന്ധു കൃഷ്ണയുടെ കമന്റ്.
ഓമിയുടെ നിരവധി ചിത്രങ്ങളും ദിയ പങ്കുവെച്ചിട്ടുണ്ട്. കേക്ക് കഴിച്ചിരിക്കുന്ന ഓമിയെ ചിത്രങ്ങളില്‍ കാണാം. "എന്റെ സുന്ദരനായ രാജകുമാരന് ഒന്നാം ജന്മദിനാശംസകള്" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ദിയ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു ദിയയ്ക്കും അശ്വിനും മകന് ഓമി ജനിക്കുന്നത്. നിയോം അശ്വിന് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. വീട്ടില്‍ വിളിക്കുന്ന പേരാണ് ഓമി. ഗര്ഭിണിയായതുമുതലുള്ള എല്ലാ വിശേഷങ്ങളും ദിയ യൂട്യൂബില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ദിയയുടെ ഡെലിവറി വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.
കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു മകന് ജനിച്ച സന്തോഷവാര്‍ത്ത ദിയ ആരാധകരെ അറിയിച്ചത്. "അവസാനം ഞങ്ങളുടെ കണ്മണിയെത്തി" എന്നായിരുന്നു ചിത്രത്തിനൊപ്പം ദിയ കുറിച്ചത്.
2024 സെപ്റ്റംബറിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അശ്വിന്.






