
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പൂര്‍വ വിദ്യാര്‍ഥി അറസ്റ്റില്‍. അങ്കമാലി സ്വദേശി ആന്സ്റ്റന് ആണ് പിടിയിലായത്. മൊബൈല്‍ ആപ് വഴി വാഹനം ബുക്ക് ചെയ്ത് പുലര്‍ച്ചെ കട്ടിലുകളുമായി കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന് തടയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഹോസ്റ്റലിലെത്തിയ ആന്സ്റ്റന് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. എട്ട് കട്ടിലുകള്‍ പിക് അപ് വാനില്‍ കെട്ടിവച്ച് കടന്നുകളയാനുള്ള ഒരുക്കത്തിലായിരുന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ചോദ്യം ചെയ്തപ്പോള്‍ കട്ടിലുകളിലെ മൂട്ടയെ കൊല്ലാന്‍ അങ്കമാലിയില്‍ മരുന്നടിക്കാന്‍ കൊണ്ടുപോകുന്നതെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍, അതിന് ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് ആന്‍സ്റ്റനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
2024-ലാണ് ഇയാള്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ പലരും ഹോസ്റ്റലില്‍ വരാറുള്ളതിനാല്‍ ആദ്യം സെക്യൂരിറ്റി സംശയിച്ചില്ല.
മോഷണത്തിനു മുമ്പ് ചില സുഹൃത്തുക്കളെ ഇയാള്‍ ഫോണില്‍ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്സ്റ്റന് ഇതിനു മുമ്പ് മോഷണമൊന്നും നടത്തിയതായി പോലീസിന് അറിവില്ല. അമ്മയ്ക്ക് അസുഖമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടാണെന്നുമാണ് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞത്.






