
ചേര്‍ത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു. പുനരുപയോഗിക്കാന്‍ അവകാശമില്ലാതെ ആക്രിയായാണ് കൈമാറ്റം ചെയ്തത്.
ബോളിവുഡ് താരം കരീനാ കപൂര്‍ ഉപയോഗിച്ചിരുന്ന പോര്‍ഷെ മുതല്‍ ആറ് കാറുകളും ഒരു കാരവനുമാണ് ചേര്‍ത്തല സ്റ്റേഷനില്‍നിന്ന് കൈമാറിയത്. ഒരു വര്‍ഷമായി സര്‍ക്കാര്‍ തലത്തില്‍ നടന്ന ടെന്‍ഡര്‍ നടപടികളുടെ തുടര്‍ച്ചയായാണ് വാഹനങ്ങള്‍ നീക്കിയത്. ആലപ്പുഴ വലിയമരം മട്ടുപ്പാവില്‍ എന്റര്ൈപ്രസസിന് വേണ്ടി ഷാനു ഭൂട്ടോയാണ് വാഹനങ്ങള്‍ ലേലത്തിലെടുത്തത്.മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് മോന്‍സന്റെ വാഹനങ്ങള്‍ 2020 ഓഗസ്റ്റിലാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറത്തുവന്നതും അറസ്റ്റിലായതും. സിനിമാ താരങ്ങളും സെലിബ്രിറ്റികളും ഉപയോഗിച്ചു കൈമാറിയ ആഡംബര വാഹനങ്ങള്‍ പല തവണ കൈമറിഞ്ഞ ശേഷം സ്വന്തമാക്കുന്നതായിരുന്നു മോന്‍സന്റെ രീതി. ഈ കാറുകള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.






