
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്ന് നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നുമാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ ശക്തമായ തീരുമാനം വന്നേക്കും. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.
ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്‍ശനം. അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു.
ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്സി സമ്മതിച്ചത്.
