
തിരുവനന്തപുരം: ഇടതുമുന്നണി നേതാക്കള്‍ക്കും പി.എസ്.സി. ഉന്നതര്‍ക്കും വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ ജോലികളില്‍ തിരുകിക്കയറ്റിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റാങ്ക് പട്ടിക നിലനില്‍ക്കേ പി.എസ്.സി. ഓഫീസിലെ 10 അറ്റന്‍ഡന്റ് തസ്തികകള്‍ കരാര്‍ ജീവനക്കാര്‍ക്കായി മാറ്റിവച്ചു. പി.എസ്.സിയില്‍ നിയമിക്കപ്പെട്ടവരില്‍ ഒരാള്‍ ചെയര്‍മാന്റെ ൈഡ്രവറുടെ ഭാര്യ. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ (നവകേരളയാത്ര മര്‍ദനക്കേസിലെ പ്രതി) ഭാര്യാസഹോദരനാണ് മറ്റൊരാള്‍.
സി.പി.എം. പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശിക്കു ജോലി നല്‍കിയത് ഇടത് സര്‍വീസ് സംഘടന ഭരിക്കുന്ന സൊസൈറ്റിക്കു കീഴിലെ കാന്റീനില്‍. ഓഫീസ് അറ്റന്‍ഡന്റുമാരുടെ പട്ടികയില്‍പ്പെടുത്തി ഇയാള്‍ക്കു ശമ്പളം നല്കുന്നതാകട്ടെ പി.എസ്.സിയും! സഹകരണ സൊസൈറ്റിയിലെ ഇടത് യൂണിയന് നേതാവിന്റെ സഹോദരീപുത്രനെ പി.എസ്.സിയില്‍ ൈഡ്രവറായും സഹോദരപുത്രനെ ഓഫീസ് അറ്റന്‍ഡന്റായും തിരുകിക്കയറ്റി. സി.പി.എം. മുഖപത്രത്തിലെ ജീവനക്കാരന് അധികസഹായമെന്ന നിലയില്‍ പി.എസ്.സി. പ്രസിദ്ധീകരണത്തിന്റെ രൂപകല്‍പ്പന ചുമതലയും നല്കി. അതിനു പ്രതിഫലം പ്രതിമാസം 22,000 രൂപ.
ഒന്പതുവര്ഷം മുമ്പ്, പി.എസ്.സി. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ റാങ്ക് പട്ടിക നിലവിലില്ലാതിരിക്കേയാണ് വേണ്ടപ്പെട്ടവരെ കരാര്‍ ജീവനക്കാരായി നിയമിച്ചത്. സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് പൊതു റാങ്ക് പട്ടിക നിലവില്‍വന്നിട്ടും അതില്‍നിന്ന് നിയമനം നടത്തിയില്ല. പകരം ഓരോവര്‍ഷവും കരാര്‍ പുതുക്കിനല്‍കി. ഉന്നതരുമായി ഉറ്റബന്ധമുള്ളതിനാല് ചില സെക്ഷനുകള്‍ അടക്കിഭരിക്കുന്നതുപോലും കരാര്‍ ജീവനക്കാരാണ്. പി.എസ്.സി. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലെ മറ്റ് ഓഫീസ് അറ്റന്‍ഡന്റുമാരെ നിയന്ത്രിക്കാനുള്ള ചുമതല പിണറായിയുടെ മുന്‍ ഗണ്‍മാന്റെ അളിയനാണ്!
കരാര്‍ നിയമനങ്ങള്‍ നടത്തണമെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാകണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് പി.എസ്.സി. വഴിവിട്ട് ബന്ധുനിയമനം നടത്തിയത്. പി.എസ്.സിയില്‍ നിലവിലുള്ള 16 അംഗങ്ങളും എല്‍.ഡി.എഫ്. നോമിനികളാണ്. അതിനാല്‍ യോഗങ്ങളില്‍ എതിരഭിപ്രായം ഉയരാറില്ല. അഭിമുഖങ്ങള്‍ക്കു മാര്‍ക്കിടുന്നതും പരസ്പരധാരണപ്രകാരമാണ്. നിലവിലുള്ള അഞ്ച് പി.എസ്.സി. അംഗങ്ങളുടെ ഒഴിവ് നികത്തേണ്ടതു പുതിയ സര്‍ക്കാരാണ്. അതാകട്ടെ മുന്നണിയിലെ വീതംവയ്ക്കല്‍ പൂര്‍ത്തിയാകാത്ത






