
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പി.എസ്.സി. നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയും സംശയനിഴലില്‍. ചോദ്യം തയാറാക്കിയതിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതിലും അഭിമുഖം നടത്തിയതിലും രാഷ്ട്രീയ ഇടപെടലുണ്ടെന്ന സംശയമാണ് ബലപ്പെട്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനു പരാതി ലഭിച്ചു.
നാലരലക്ഷം പേര് പങ്കെടുത്ത പ്രാഥമികപരീക്ഷ ഒ.എം.ആര്. രീതിയിലായിരുന്നു. ഇതില്‍ 12,000 ഉത്തരക്കടലാസുകള്‍ ഒ.എം.ആര്. മെഷീന് സ്വീകരിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, 21 പി.എസ്.സി. ഉദ്യോഗസ്ഥരെക്കൊണ്ടാണു മൂല്യനിര്‍ണയം നടത്തിച്ചത്. ഇതിനെതിരേ പി.എസ്.സിക്ക് ഒട്ടേറെ പരാതി ലഭിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. വിവാദമായ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ അട്ടിമറിക്കു ശേഷം 2020-ലായിരുന്നു കെ.എ.എസ്. പരീക്ഷ.
പി.എസ്.സി. സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച്, ആരോപണമുന്നയിച്ച സെക്രട്ടേറിയറ്റിലെ യു.ഡി.എഫ്. അനുകൂലസംഘടനയില്പ്പെട്ടവര്ക്കെതിരേ അച്ചടക്കനടപടിയുണ്ടായി. രണ്ടുപേരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ഒരാള്‍ വിരമിച്ച് മാസങ്ങളായിട്ടും പെന്ഷന് നല്‍കിയിട്ടില്ല. നടപടിക്കു വിധേയരായ രണ്ടുപേര്‍ ഇപ്പോള്‍ യു.ഡി.എഫ്. മന്ത്രിമാരുടെ അഡീഷണല്‍ ൈപ്രവറ്റ് സെക്രട്ടറിമാരാണ്. ഇവരടക്കം കെ.എ.എസ്. പരീക്ഷാക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.






