
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവോ Y500 5G ചൈനയില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, ഈ സ്മാര്‍ട്ട്ഫോണിന്റെ 4G പതിപ്പ് തിരഞ്ഞെടുത്ത ചില ആഗോള വിപണികളില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 8,200mAh ബാരിയുള്ള 5G പതിപ്പിനേക്കാള്‍ നേരിയ വ്യത്യാസമുള്ള, ചെറിയൊരു 8,100mAh ബാറ്ററിയാണ് പുതിയ വിവോ Y500 4G-ല്‍ ഉള്ളത്. കൂടാതെ, 5G പതിപ്പില്‍ കണ്ട വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളിന് പകരം ഒരു ചതുരാകൃതിയിലുള്ള പിന് ക്യാമറ മോഡ്യൂളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒക്ടാ-കോര്‍ യൂണിസോക്ക് (Unisoc) ചിപ്സെറ്റിന്റെ കരുത്തുമായെത്തുന്ന ഈ ഫോണില്‍ 8GB റാമും 256GB വരെയുള്ള സ്റ്റോറേജുമുണ്ട്. നിലവില്‍ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്.
വിവോ Y500 4G: വിലയും ലഭ്യതയും
വിവോ Y500 4G-യുടെ 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് PKR 99,999 (ഏകദേശം 34,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം, 8GB റാമും 256GB സ്റ്റോറേജുമുള്ള ഉയര്‍ന്ന പതിപ്പിന് 1,09,999 പാകിസ്ഥാന് രൂപയാണ് (ഏകദേശം 38,000 രൂപ) വില വരുന്നത്. സ്മാര്‍ട്ട്ഫോണ്‍ നിലവില്‍ വിവോ പാകിസ്ഥാന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വില്‍പ്പനയിലുണ്ട്. മിഡ്നൈറ്റ് ബ്ലൂ (Midnight Blue), പേള്‍ വൈറ്റ് (Pearl White) എന്നീ നിറങ്ങളിലാണ് വിവോ Y500 4G ലഭ്യമാക്കിയിരിക്കുന്നത്.
സവിശേഷതകള്‍
6nm ഒക്ടാ-കോര്‍ യൂണിസോക്ക് T7300 (Unisoc T7300) ചിപ്സെറ്റാണ് വിവോ Y500 4G-ക്ക് കരുത്ത് പകരുന്നത്. ഇതില്‍ 2.0GHz ക്ലോക്ക് സ്പീഡുള്ള ആറ് എഫിഷ്യന്‍സി കോറുകളും, 2.2GHz ക്ലോക്ക് സ്പീഡുള്ള രണ്ട് പെര്‍ഫോമന്‍സ് കോറുകളും അടങ്ങിയിരിക്കുന്നു. കൂടാതെ 8GB LPDDR4x റാമും 256GB വരെയുള്ള UFS 2.2 ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിലുണ്ട്. ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കുന്നതിനായി 4,300 ചതുരശ്ര മില്ലിമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ക്യാമറകളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, f/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രധാന ക്യാമറ നയിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. ഇതിനൊപ്പം f/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്സല്‍ മാക്രോ സെന്‍സറും ഒരു എല്‍ഇഡി ഫ്ലാഷും പിന്നിലുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചറുള്ള 32 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. 44W വൈയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 8,100mAh ബാറ്ററിയാണ് വിവോ Y500 4G-യില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്.
കണക്റ്റിവിറ്റിക്കായി 4G LTE, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ജിപിഎസ് (GPS), ഗ്ലോനാസ് (GLONASS), ഗലീലിയോ (Galileo), QZSS എന്നിവയും ഫോണ്‍ പിന്തുണയ്ക്കുന്നു. അക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍, ഗൈറോസ്കോപ്പ്, സുരക്ഷയ്ക്കായി ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഫോണിലെ സെന്‍സറുകള്‍. 163.73 × 76.18 × 8.19 മില്ലിമീറ്റര്‍ അളവുകളുള്ള ഈ ഫോണിന് ഏകദേശം 210 ഗ്രാം തൂക്കമുണ്ട്.






