
ന്യൂഡൽഹി: മലയാളി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ കാണാതായി. 23 കാരി സഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി 11:30 മുതല്‍ കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ, ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയാണ്.
ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പോലീസിൽ പരാതിപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പോലീസ് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു പെൺകുട്ടി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ട്രെയ്സിങ് എളുപ്പമല്ലെന്നും പൊലീസ് അറിയിച്ചു






