
കല്‍പ്പറ്റ: 2024-ലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പേ വയനാട്ടില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിപ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് ജീവന് പൊലിഞ്ഞു. തുരങ്കപാതയുടെ തുടക്കത്തില്‍, നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന കള്ളാടി മേഖലയിലെ മീനാക്ഷി പാലത്തിലേക്കാണ് ഇന്നലെ രാവിലെ 11.40-ന് മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞത്.
തുരങ്കപാത നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരും സുരക്ഷാജീവനക്കാരും മേല്നോട്ടച്ചുമതലക്കാരും ഉള്‍പ്പെടെ 19 പേരാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണത്തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ (ഓപ്പറേറ്റര്‍), ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍ (സിവില്‍ ഫോര്മാന്), ഝാര്‍ഖണ്ഡ് സ്വദേശി അന്മോല് എന്നിവരാണ് മരിച്ചത്. ഏഴുപേരെ കാണാതായി. ഇവര്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. പരുക്കേറ്റ ഒന്‍പത് ഇതരസംസ്ഥാനത്തൊഴിലാളികളെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുരങ്കപാതയ്ക്കുവേണ്ടി എടുത്തുമാറ്റിയ മണ്ണും കല്ലും കനത്തമഴയേത്തുടര്ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി റോഡും മീനാക്ഷി പാലവും മൂടി. മേപ്പാടി-ചൂരല്‍മല റോഡില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു. നിര്‍ത്തിയിരുന്ന ബസ് പുഴയില്‍ പതിച്ചു. തുരങ്കപാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് മതില് ഉള്‍പ്പെടെ ഇടിഞ്ഞുവീണതും അപകടത്തിന്റെ ആക്കം കൂട്ടി. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
മന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന ദേശീയ ദുരന്തപ്രതികരണസേന (എന്‍.ഡി.ആര്.എഫ്) ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നയിച്ചു. ശക്തമായ മഴയും പ്രദേശമാകെ മണ്ണും കോണ്‍ക്രീറ്റ് പാളികളും മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പാലത്തിന് ഇരുവശങ്ങളിലായി കയറുകെട്ടിയാണ് എന്‍.ഡി.ആര്.എഫും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കി. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ പോലീസിന്റെ സ്നിഫര്‍ നായ്ക്കളെ എത്തിച്ചു. പാലത്തിന് ഇരുവശത്തും കുടുങ്ങിയ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരല്‍മല പള്ളി ഹാളിലും സൗകര്യമൊരുക്കി. സ്കൂളില്‍ പോയ കുട്ടികളെ സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കര്‍ ഉന്നതികളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും. മണ്ണ് നീക്കിയശേഷം പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കും.






