
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതിദുരന്തമല്ലെന്നും തുരങ്കനിര്മാണസ്ഥലത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലമുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദിഖ്.
മഴക്കാലത്ത് മണ്ണുനീക്കലും സംഭരണവും നിര്‍ത്തിവയ്ക്കണമെന്നും കൂട്ടിയിട്ട മണ്ണ് ഉടന്‍ മാറ്റണമെന്നും നിര്‍മാണക്കമ്പനിക്കു നിര്‍ദേശം നല്‍കിയിരുന്നതായി മന്ത്രി വ്യക്തമാക്കി. അപകടഭീഷണി നേരിടുന്ന എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
മണ്ണ് നീക്കണമെന്ന നിര്‍ദേശം പാലിക്കുന്നതില്‍ കരാര്‍ കമ്പനിക്ക് ഗുരുതരവീഴ്ചയുണ്ടായി.
ഇക്കാര്യം വിശദമായി പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇന്നലെ ഉച്ചയ്ക്ക് 12.30-നാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കല്‍പ്പറ്റ ടൗണ്‍ഷിപ്പിലും സമാനരീതിയില്‍ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്.
ഇത് നീക്കംചെയ്യാന്‍ കരാര്‍ കമ്പനിയായ ഊരാളുങ്കലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.






