
തിരുവനന്തപുരം: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, വയനാട് തുരങ്കപാതയുടെ ഭാവി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡിള സതീശന്റെ നിലപാട് നിര്‍ണായകം. പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു വയനാട് തുരങ്കപാത. എന്നാല്‍, അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശന് പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി വിയോജിപ്പ് അറിയിച്ചിരുന്നു. സൂക്ഷ്മമായി പരിശോധിച്ചേ പദ്ധതി നടപ്പാക്കാവൂ എന്നായിരുന്നു സതീശന്റെ നിലപാട്. കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വലിപ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ തുരങ്കപാതയ്ക്കെതിരേ പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിരുന്നു. വിശദമായ പഠനം നടത്താതെയാണ് നിര്‍മാണം തുടങ്ങിയതെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു. ചൂരല്‍മല, പുത്തുമല കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായത് തുരങ്കപാത പദ്ധതിപ്രദേശത്താണ്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മുതല്‍ വയനാട്ടിലെ മേപ്പാടി വരെ നീളുന്ന തുരങ്കപാത പദ്ധതി. കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട്ടിലെ മീനാക്ഷിപ്പാലം വരെ 8.73 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. പൊതുമരാമത്ത് വകുപ്പും കിഫ്ബിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2134 കോടി രൂപ ചെലവുള്ള പാതയ്ക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ജി. അരുണ്‍






