
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ധന്യന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിമൂന്നാമത് ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു തീര്‍ഥാടന പദയാത്രകള്‍ക്കു തുടക്കമായി. മൂവാറ്റുപുഴയില്‍ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്ത പദയാത്ര ഇന്നു വൈകിട്ട് തിരുവല്ലയിലെത്തിച്ചേരും. റാന്നി പെരുന്നാട്ടില്നിന്നു പ്രധാന പദയാത്ര നാളെ രാവിലെ 9 ന് ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിക്കും.
പദയാത്രയ്ക്കു മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന-പത്തനംതിട്ട ഭദ്രാസന സമിതികളും സംയുക്തമായി നേതൃത്വം നല്‍കും.
നാളെ വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കുന്ന പദയാത്ര തുടര്‍ന്ന് അടൂര്‍, കൊട്ടാരക്കര, ആയൂര്‍, പിരപ്പന്‍കോട് വഴി തിരുവനന്തപുരത്തെത്തും. മാര്‍ ഈവാനിയോസിന്റെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവില്‍നിന്ന് ഇന്ന് രാവിലെ ആരംഭിക്കുന്ന പദയാത്ര മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും.
കറ്റാനം, പഴകുളം, കടമ്പനാട്, പുത്തൂര്‍, കല്ലുവാതുക്കല്‍, ആറ്റിങ്ങല്‍ വഴി 14 നു വൈകിട്ട് കബറിങ്കലെത്തും.
തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍നിന്നുള്ള പദയാത്ര നാളെ രാവിലെ തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വിവിധ പദയാത്രകള്‍ 11 ന് വൈകിട്ട് അടൂരില്‍ പ്രധാന പദയാത്രയോടു ചേരും. 13 നു മാര്‍ത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര വിന്‍സെന്റ് മാര്‍ പൗലോസും പാറശാലയില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര തോമസ് മാര്‍ യൗസേബിയോസും ഉദ്ഘാടനം ചെയ്യും.
പുത്തൂര്‍, പുനെ, ഒഡീഷ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ 14 നു രാവിലെ പിരപ്പന്‍കോട്ട് പ്രധാന പദയാത്രയോടു ചേരും. 14 നു വൈകിട്ട് അഞ്ചിന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തലെത്തും. വള്ളിക്കുരിശ് വഹിച്ചും കാഷായ വസ്ത്രം ധരിച്ചുമാണ് തീര്‍ത്ഥാടകര്‍ പദയാത്രയില്‍ അണിചേരുന്നത്.






