
കള്ളാടി: തുരങ്കപാത നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ മീനാക്ഷി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മണ്ണിനടിയില്‍ നിന്നും ഒരാളെ കൂടി കണ്ടെത്തിയത്. കനത്തമഴ തെരച്ചിലിന് പ്രതിസന്ധിയാകുന്നുണ്ട്.
അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം ഇവിടെ പെയ്യുന്ന ഇന്ന് വിദഗ്ദ്ധപരിശീലനം കിട്ടിയ കെഡാവര്‍ നായ്ക്കളെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. സംഭവത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
നേരത്തേ ജീയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ അപാടത കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അപകടസാധ്യത ആഴ്ചകള്‍ക്ക് മുമ്പ് ജിഎസ്‌ഐ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ചതായാണ് വിവരം. കോണ്‍ക്രീറ്റ് ചെയ്ത സുരക്ഷാഭിത്തിയില്‍ വിള്ളല്‍ ഉണ്ടായിരുന്നതായി നേരത്തേ നല്‍കിയ റിപ്പോര്‍ട്ട് കമ്പനി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് ജിഎസ്ഐയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സുരക്ഷാഭിത്തിയില്‍ വിള്ളല്‍ ഉണ്ടായിരുന്നെന്ന് ജൂണ്‍ 14 ന് ജിഎസ്‌ഐ റിപ്പോര്‍ട്ട് നല്‍കിയുരുന്നു. ഈ റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 20 ദിവസത്തിനകം ദുരന്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.






