
ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക്ഊഷ്മളമായ സ്വീകരണം നൽകി. കെ.ബി.എഫ് ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ കെ ബി എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ടൂറിസം തുടങ്ങിയ മുൻഗണനാ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പാറാക്കൽ അബ്ദുള്ള ചടങ്ങിൽ വിശദീകരിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളി (NRK/NRI) വ്യവസായികളുടെ നിക്ഷേപങ്ങളെ കേരള സർക്കാർ എന്നും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും, മികച്ചതും പ്രായോഗികവുമായ നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികളും പിന്തുണയും വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഖത്തറിലെ കേരളീയരായ സംരംഭകരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും അവർക്കിടയിൽ മികച്ച സഹകരണം ഉറപ്പാക്കുന്നതിനും കെ.ബി.എഫ് നടത്തുന്ന നിരന്തര ശ്രമങ്ങളെ lഅദ്ദേഹം അഭിനന്ദിച്ചു. പ്രവാസി മലയാളി സംരംഭകരുടെ ശക്തമായ കൂട്ടായ്മയായി കെ.ബി.എഫ് മാറിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതി കെ.ബി.എഫ് മുന്നോട്ടുവെക്കുകയാണെങ്കിൽ, അതിന്മേൽ ആവശ്യമായ തുടർനടപടികൾക്ക് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ബി.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പുതുക്കുടി സ്വാഗതവും ട്രഷറർ ബിജു സി.നന്ദിയും പറഞ്ഞു. കെ.ബി.എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പ്രമുഖ വ്യവസായികളും സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറയ്ക്കൽ
