
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്‍. അടുത്തിടെയായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം. വിവാഹാഘോഷത്തില്‍ നിന്നുളള ചിത്രങ്ങള്‍ രജിഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, മെഹന്ദി ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പും താരം പങ്കിട്ടുണ്ട്.
"കുട്ടിക്കാലത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും മെഹന്ദി എത്രമാത്രം ഇഷ്ടമായിരുന്നു! കല്യാണങ്ങളുടെ ഏറ്റവും മികച്ച ഭാഗം വധുവിന്റെ അരികിലിരുന്ന് അവരുടെ കൈകളിലും കാലുകളിലും വളരെ സൂക്ഷ്മമായ ഡിസൈനുകൾ വരയ്ക്കുന്നത് നോക്കിനിൽക്കുന്നതായിരുന്നു. എന്നാൽ ഇപ്പോൾ, ഇതാ എന്റെ അഞ്ചു ഒരു വധുവായിരിക്കുന്നു! എന്തൊരു മനോഹരമായ സായാഹ്നമായിരുന്നു ഇത്!" ചിത്രങ്ങൾ പങ്കുവച്ച് രജിഷ കുറിച്ചു.
ടെലിവിഷന്‍ അവതാരകയായിട്ടാണ് രജിഷ വിജയന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആസിഫ് അലി നായകനായെത്തിയ ' അനുരാഗ കരിക്കിന്‍ വെളളം' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും രജിഷ സജീവമാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ' ബൈസണ്‍' ആണ് രജിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ' കളങ്കാവല്‍' , ' മസ്തിഷ്‌ക മരണം' എന്നീ ചിത്രങ്ങളിലാണ് രജിഷ ഒടുവില്‍ അഭിനയിച്ചത്.
