
കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെയും കുടുംബത്തിന്റെയും ക്രൂര മര്‍ദ്ദനം. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സഹോദരനെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ ജോയ്സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി വിവരമുണ്ട്. സ്വര്‍ണമോഷണ വ്യാജ ആരോപണം ഉയര്‍ത്തി സഹോദരന്‍ ജോയ്സണും ഭാര്യയും മര്‍ദ്ദിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും ചൂലുകൊണ്ടും മറ്റും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തതായും പറയുന്നു. സഹോദരന്‍ തന്നെ ഒരുപാട് ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. മുടിക്ക് കുത്തി പിടിച്ച് മതിലോട് ചേര്‍ത്ത് തല അമര്‍ത്തി. മുറിയില്‍ പൂട്ടിയിട്ട് സഹോദരന്റെ ഭാര്യ ചൂല് കൊണ്ട് അടിച്ചു.
വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവര്‍ എന്നെ ഉപദ്രവിച്ചത്. ഷോള്‍ ഇട്ട് കഴുത്തില്‍ മുറുക്കാന്‍ പോലും നോക്കി. ഭ്രാന്താണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.






