
തിരുവനന്തപുരം: അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് പിരിച്ചുവിടൽ ന്യായീകരിക്കപ്പെട്ടതോടെ, ഈ മാസം 20ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു.
കമ്പനി നഷ്ടത്തിലാണെന്നാണ് കോറോ ഹെൽത്ത് അധികൃതരുടെ വിശദീകരണം. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗൽ അഡ്വൈസർ യോഗത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ, മറ്റ് അധികൃതർ ഓൺലൈനായി ചർച്ചയിൽ ചേർന്നു. അടുത്ത യോഗത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് കമ്പനി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.
സംസ്ഥാനം വിട്ടുപോകാൻ കമ്പനിയെ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മന്ത്രി ആവർത്തിച്ചു. അതേസമയം, ലാഭക്കുറവോ ജീവനക്കാരുടെ എണ്ണമോ സംബന്ധിച്ച് കമ്പനി യാതൊരു പരാതിയും ഉന്നയിച്ചില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. പുതിയ കരാറുകൾ ലഭിക്കാത്തതാണ് പ്രവർത്തനം തുടരാനാകാത്തതിനുള്ള കാരണമായി കമ്പനി വിശദീകരിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ കൊച്ചി കേന്ദ്രത്തിൽ നിന്ന് 58 പേരെയും കോഴിക്കോട് കേന്ദ്രത്തിൽ നിന്ന് 86 പേരെയും ഉൾപ്പെടെ 144 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അതിന് പിന്നാലെയാണ് 830 പേരെ കൂടി പിരിച്ചുവിടുന്ന സാഹചര്യമുണ്ടായത്.
കമ്പനി കേരളത്തിൽ തുടരുകയും ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കപ്പെടുകയും വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ ട്രേഡ് യൂണിയനുകളും സർക്കാരിനെ പിന്തുണയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടിയിലേക്ക് നീങ്ങേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മാനേജ്മെന്റുമായി ചർച്ച നടത്തി 20ന് വീണ്ടും യോഗത്തിൽ പങ്കെടുക്കാമെന്ന് കമ്പനി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.






