മുസഫർനഗറിലെ ചാർത്തവാൾ മാർക്കറ്റിൽ കഴിഞ്ഞ ദിവസം സംഭവിച്ചതൊന്നും ആരും ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. കനത്ത മഴയിൽ നിന്ന് രക്ഷനേടാന്‍ എവിടെയെങ്കിലും കയറിപ്പറ്റാൻ ശ്രമിച്ച ഒരു തെരുവ് കാള ഒടുവിൽ വലിഞ്ഞുകയറിയത് ഒരു കടയുടെ മേൽക്കൂരയ്ക്ക് മുകളിലേക്കാണ്. സാധാരണയായി പശുക്കളും കാളകളും റോഡരികിൽ നിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും, നല്ല കൂറ്റന്‍ അതിഥിയെ കണ്ട് നാട്ടുകാർ ആദ്യം അമ്പരന്നുപോയി.
പെട്ടെന്നുതന്നെ കടയ്ക്ക് താഴെ വലിയൊരു ആൾക്കൂട്ടം രൂപപ്പെടുകയും, ആളുകൾ ഈ വിചിത്ര കാഴ്ച കൗതുകത്തോടെ നോക്കിക്കാണുകയും ചെയ്തു. എന്നാൽ കൗതുകം മാറും മുൻപ് തന്നെ ആശങ്ക പരന്നുതുടങ്ങി. കാളയുടെ ഭാരം താങ്ങാൻ ആ മേൽക്കൂരയ്ക്ക് കഴിയുമോയെന്നോ, മൃഗം താഴേക്ക് വീണ് പരിക്കുകൾപറ്റുമോയെന്നോ ഉള്ള ഭയം എല്ലാവരിലുമുണ്ടായി. ഒടുവിൽ നാട്ടുകാർ ചേർന്ന് ഉടൻതന്നെ മൃഗസംരക്ഷണ പ്രവർത്തകനായ സണ്ണി ചോപ്രയെയും സംഘത്തെയും വിവരമറിയിക്കുകയായിരുന്നു.
അങ്ങനെ എല്ലാവരുടെയും ആകാംഷയ്ക്ക് വിരാമമിട്ട് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിലാണ് ആ നാടകീയമായ വീഴ്ച സംഭവിച്ചത്. കാളയുടെ കാൽ പെട്ടെന്ന് വഴുതിപ്പോവുകയും, അത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നേരെ താഴേക്ക് പതിക്കുകയും ചെയ്തു. അതുവരെ കണ്ട കൗതുകമെല്ലാം ഒറ്റമിഷം കൊണ്ട് പേടിക്ക് വഴിമാറി. കാളയുടെ കഥ കഴിഞ്ഞുവെന്നും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടാകുമെന്നും നോക്കിനിന്നവർ ഉറപ്പിച്ചു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, താഴെ വീണ ഉടനെതന്നെ കാള വലിയ പരിക്കുകൾ ഒന്നുമില്ലാതെ എഴുന്നേറ്റ് ഓടാൻ ശ്രമിക്കുകയാണുണ്ടായത്. രക്ഷാപ്രവർത്തകർ ഒട്ടും സമയംകളയാതെ ഇടപെട്ട് ആ മൃഗത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ഭാഗ്യത്തിന് വലിയ അപകടം ഒഴിവായെങ്കിലും, മാർക്കറ്റുകളിലും റോഡുകളിലും ഇത്തരത്തിലുള്ള കന്നുകാലികളുടെ ശല്യത്തിന് ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.
मुजफ्फरनगर
चरथावल कस्बे में बारिश से बचने के लिए एक आवारा सांड दुकान की छत पर चढ़ गया, जिससे इलाके में अफरा-तफरी मच गई, स्थानीय लोगों ने काफी देर तक सांड को सुरक्षित नीचे उतारने का प्रयास किया, लेकिन रेस्क्यू के दौरान उसका संतुलन बिगड़ गया और वह नीचे गिर पड़ा, नीचे गिरने से… pic.twitter.com/V0FWIR3VMR— Prime News (@PrimeNewsInd) July 10, 2026




