
ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ഗായകന് ജി വേണുഗോപാല്. സംഗീതത്തിന്റെ നീരാഴി നീന്തിക്കടന്ന് കാണാത്ത തീരങ്ങളിലെത്തിച്ചേര്ന്ന ജാനകിയമ്മ തന്റെ രത്നഘചിതമാം ഗാനച്ചിറകുകളാല് അവിടവും സംഗീത നിര്ഭരമാക്കുമെന്നുറപ്പാണ് എന്ന് ജി വേണുഗോപാല് ഫേസ്ബുക്കില് കുറിച്ചു.
ജി വേണുഗോപാലിന്റെ കുറിപ്പ്:
''ജാനകിയമ്മയും യാത്രയായിരിക്കുന്നു. ഒരു സുവർണ്ണ സംഗീത കാലഘട്ടത്തിൻ്റെ രത്നഘചിതമാം ശബ്ദച്ചിറകിലേറി അവർ നെയ്തെടുത്ത മനോഹര ഗാനങ്ങൾക്ക് മരണമില്ല .
1994 ലായിരിക്കണം ഞാനാദ്യമായി ജാനകിയമ്മയോടൊത്ത് ഒരു ഭക്തിഗാന ആൽബത്തിൽ പാടുന്നത്, വിദ്യാദരൻ മാസ്റ്ററുടെ സംഗീതത്തിൽ. പഴയൊരു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്തൊരു ആൽബം. "മനിതർപോൽ കടവുൾക്കും ഒരു ടൈം ഇര്ക്ക് " . തൻ്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അമ്മ പറയുന്ന ഓർമ്മ. അഭിരാമപുരത്തുള്ള അന്നത്തെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വിസ്തൃതമായ അവരുടെ ലിവിംഗ് മുറിയിലെ സ്റ്റീരിയോ സിസ്റ്റത്തിൽ 1960 കളിൽ ലത മങ്കേഷ്ക്കർ പാടി പ്രസിദ്ധമായ ഗാനങ്ങൾ പലതും ജാനകിയമ്മയുടെ ശബ്ദത്തിൽ, അതേ ഓർക്കസ്ട്രേഷനിൽ കേൾപ്പിച്ചു. ഞാൻ ചോദിച്ചു. ഇത് റീ റിക്കാർഡ് ചെയ്തവയാണോ? " ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും" അമ്മ ചിരിച്ചു. ഒറിജിനൽ ഗാനങ്ങൾ ഒരു സ്റ്റീരിയോയിൽ പ്ലേ ചെയ്യുമ്പോൾ, ഓർക്കസ്ട്ര മാത്രം ഇന്നൊരു ടേപ്പ് റിക്കാർഡിൽ റിക്കാർഡ് ചെയ്യും. ലതാജിയുടെ ശബ്ദത്തിന് പകരം ജാനകിയമ്മയുടെ സ്വരവും, ലൈവ് ആയി ഒരു മൈക്കിലൂടെ! അവിടെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയായ ഒരു ഗാന വിദ്യാർത്ഥിയെ ഞാൻ കാണുകയായിരുന്നു.
സ്വരലയയുടെ യേശുദാസ് അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തെത്തിയ ജാനകിയമ്മയോടൊപ്പം രണ്ട് ഗാനമേളകളിൽ പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി, കൊല്ലം കടപ്പാക്കടയിലും, പാലക്കാടും. മദ്രാസിൽ ഭരണി സ്റ്റുഡിയോയിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ മൂന്ന് ഡിവോഷനൽ ഗാനങ്ങൾ അമ്മയോടൊപ്പം പാടി റിക്കാർഡ് ചെയ്യാനുള്ളൊരു അസുലഭ സൗഭാഗ്യവും എനിക്ക് ലഭിച്ചു.
2013 ൽ കേന്ദ്ര ഗവൺമെൻ്റ് ജാനകിയമ്മയ്ക്ക് പത്മഭൂഷൻ നൽകാൻ തീരുമാനിച്ചപ്പോൾ സൗമ്യയായ് അവരത് നിരസിച്ചു. അന്വേഷിച്ചു വന്ന മീഡിയ ക്യാമറകളോട് ഒരു കുസൃതിച്ചിരിയോടെ അവർ മൊഴിഞ്ഞു, സീനിയർ ഗായകർക്ക് ഭാരതരത്ന അവാർഡ് ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഗാനലോകവീഥികളിലെങ്ങും ദർശിക്കാത്ത ധൈര്യവും സത്യസന്ധതയും ജാനകിയമ്മുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായിരുന്നു. 2017ൽ താൻ സംഗീത രംഗത്ത് നിന്ന് വിരമിക്കുകയാണ്, ഇത് പുതിയ പാട്ടുകാർ രംഗത്തേക്ക് കടന്നു വരാൻ വഴിയൊരുക്കുമെന്നാണ് വിശ്വാസമെന്ന് അവർ പറഞ്ഞു.
33 സ്റ്റേറ്റ് അവാർഡുകൾ, 3 നാഷണൽ അവാർഡുകൾ, ഏതാണ്ട് 45000 ത്തോളം ഗാനങ്ങൾ, ജാനകിയമ്മയുടേതായിട്ടുണ്ട്. സംഗീത പ്രേമികൾക്കൊരിക്കലും മറക്കാനാകാത്ത , അവർ ഇന്നും എന്നും മൂളി നടക്കുന്ന ഗാനങ്ങൾ . എൻ്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരിൽ ബാബുരാജിൻ്റെ സംഗീതത്തിൽ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണ്.
പ്രിയ ഗായികയ്ക്ക് യാത്രാമൊഴി. സംഗീതത്തിൻ്റെ നീരാഴി നീന്തിക്കടന്ന് കാണാത്ത തീരങ്ങളിലെത്തിച്ചേർന്ന ജാനകിയമ്മ തൻ്റെ രത്നഘചിതമാം ഗാനച്ചിറകുകളാൽ അവിടവും സംഗീത നിർഭരമാക്കുമെന്നുറപ്പ്. ''







Comments