
തമിഴ് സിനിമയിലെ എക്കാലത്തെയും പ്രിയ നായികമാരായ സിമ്രാനും ഖുശ്ബുവും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിമ്രാൻ തന്നെയാണ് ഖുശ്ബുവിനൊപ്പമുള്ള മനോഹരമായ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ‘വളരെ നാളുകൾക്ക് ശേഷം, അതേ ഊഷ്മളതയോടെ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രം നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരുകാലത്ത് തമിഴ് സിനിമാ ലോകം ഭരിച്ചിരുന്ന ഇരുതാരങ്ങളെയും ഒരുമിച്ച് കണ്ടതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യത്തോടും ചിരിയോടെയുമാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രങ്ങൾ വൈറലായതോടെ ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ച് ബിഗ് സ്ക്രീനിലെത്തിയാൽ അത് "വേറെ ലെവൽ" ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ അഭിപ്രായം.
അതേസമയം, സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന 'ധർമ്മൻ' ആണ് സിമ്രാന്റെ ഏറ്റവും പുതിയ ചിത്രം. 'പേട്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമ്മൻ' നിർമ്മിക്കുന്നത് കമൽ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.







Comments