
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി സമരക്കാർക്ക് നേരെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് കേന്ദ്ര സർക്കാർ ശക്തമായ മറുപടി നൽകി. രാഹുൽ ഗാന്ധിക്ക് ഭരണപരമായ അറിവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി.
അമിത് ഷായാണ് പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാൻ പോലീസിന് ഉത്തരവിട്ടതെന്ന രാഹുലിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ സിംഗ്, ഒരു മജിസ്ട്രേറ്റിനോ എസ്ഡിഎമ്മിനോ മാത്രമേ അത്തരം ഉത്തരവുകൾ നൽകാൻ കഴിയൂ എന്ന് വ്യക്തമാക്കി."ഭരണസംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് യാതൊരു ധാരണയുമില്ല. ഏത് സാഹചര്യത്തിലും വെടിവയ്പ്പ് നടത്താനുള്ള ഉത്തരവ് ഒരു മന്ത്രിയല്ല, മറിച്ച് മജിസ്ട്രേറ്റുകൾക്ക് മാത്രമേ നൽകാൻ കഴിയൂ," ജിതേന്ദ്ര സിംഗ് ലോക്സഭയിൽ പറഞ്ഞു.
സമരക്കാർക്ക് നേരെ വെടിയൊന്നുമുണ്ടായിട്ടില്ലെന്ന് സിംഗ് വ്യക്തത വരുത്തി. "വെടിയുതിർത്തിട്ടില്ലെന്നും കണ്ണീർ വാതകമാണ് പ്രയോഗിച്ചതെന്നും ആവർത്തിച്ച് വ്യക്തമാക്കിയതാണ്. വെടിവയ്പ്പ് നടക്കാത്തപ്പോൾ അത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ട ചോദ്യമേ ഉദിക്കുന്നില്ല. അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം മന്ത്രിമാരിലല്ല, മറിച്ച് മജിസ്ട്രേറ്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്സഭയിൽ സംസാരിക്കവെ, സമരക്കാർക്കെതിരായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രിയെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ഷാ "ഉത്തരവ് നൽകിയാണ്" ആക്രമണം അഴിച്ചുവിട്ടതെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ്, ആഭ്യന്തര മന്ത്രിക്ക് ഇപ്പോൾ പാർലമെന്റിനെ അഭിമുഖീകരിക്കാനോ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് സംസാരിക്കാനോ ധൈര്യമില്ല എന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അദ്ദേഹത്തിന് മറുപടി നൽകി. പ്രസ്താവന അപലപനീയമാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നും റിജിജു ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെയും സർക്കാരിന്റെ മറുപടിയെയും തുടർന്നുണ്ടായ ബഹളത്തെത്തുടർന്ന് സഭ രണ്ടുതവണ നിർത്തിവെച്ചു.







Comments