
ദിസ്പുര്‍: കേരളത്തില്‍ മഴ കുറഞ്ഞ് കയറിയ വെള്ളം ഇറങ്ങിത്തുടങ്ങുമ്പോള്‍ അസമിലെ പ്രളയക്കെടുതി അതീവ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേര്‍ കൂടി മരിച്ചതോടെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാലയളവില്‍ ഉണ്ടായ ആകെ മരണസംഖ്യ 95 ആയി ഉയര്‍ന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ദിവസങ്ങളായുള്ള വെള്ളക്കെട്ട് തുടരുകയാണ്.
ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 6 മരണങ്ങളില്‍ 5 എണ്ണം പ്രളയം മൂലമാണ് സംഭവിച്ചത്. ബിശ്വനാഥ്, ശിവസാഗര്‍ ജില്ലകളില്‍ രണ്ട് വീതം, ഗോലാഘട്ടില്‍ ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊറിഗാവ് ജില്ലയിലെ മയോങ് മേഖലയിലാണ് നഗര വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്. ഉദല്‍ഗുരിയില്‍ ഒരാളെ കാണാതായിട്ടുണ്ട്.
563 ഗ്രാമങ്ങളിലായി 1,60,000-ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചത് ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹാട്ട് എന്നീ ജില്ലകളിലാണ്. ശിവസാഗറില്‍ മാത്രം 57,000ത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്. 14 ജില്ലകളില്‍ ഹൈ അലേര്‍ട്ട് നിലനില്‍ക്കുകയാണ്. ബിശ്വനാഥില്‍ അഞ്ചെണ്ണവും ദരംഗില്‍ രണ്ടെണ്ണവും ഉള്‍പ്പെടെ ഏഴു പ്രധാന അണക്കെട്ടുകളില്‍ വിള്ളലുകള്‍ വീണു. ചരൈഡിയോയിലെ ഒരു സ്റ്റീല്‍ പാലവും ഉദല്‍ഗുരിയിലെ കാല്‍നടപ്പാലവും തകര്‍ന്നു.
16,951 ഹെക്ടര്‍ കൃഷിഭൂമിയാണ് വെള്ളത്തിനടിയിലായത്. 35,000-ത്തിലധികം മൃഗങ്ങളെ പ്രളയം ബാധിച്ചു. പ്രധാനമായും ശിവസാഗറില്‍ നിന്നായി ഏകദേശം 8,500 ഓളം മൃഗങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ഗുവാഹത്തി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത ജലക്കെട്ട് അനുഭവപ്പെടുന്നുണ്ട്. കാംരൂപ്,, മൊറിഗാവ്, ജോര്‍ഹാട്ട് എന്നീ ജില്ലകളിലെ 734 പേരെ ഇത് ബാധിച്ചു. കാംരൂപ് മെട്രോയില്‍ പ്രളയത്തിലായ പ്രദേശങ്ങളില്‍ നിന്ന് 80 ഓളം പേരെ ബോട്ട് മാര്‍ഗ്ഗം ഒഴിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 12,356 പേര്‍ക്കായി 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 32,000-ത്തിലധികം ആളുകള്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ 59 വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നദീതട പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളതിനാല്‍ പ്രളയ സ്ഥിതി ഇനിയും വഷളാകാന്‍ സാധ്യതയുണ്ട്. അധികൃതര്‍ നദികളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചു വരികയാണ്.







Comments