
ബോളിവുഡ് താരം ജാന്വി കപൂറുമായി ബന്ധപ്പെട്ട അശ്ലീല ഉളളടക്കങ്ങള് ഇന്റനെറ്റില് നിന്ന് നീക്കം ചെയ്യാന് ഉത്തരവിട്ട് ഹൈക്കോടതി. എന്നാല് നടിയുടെ പേരിലുളള എല്ലാ ഫാന് പേജുകള്ക്കും പൂര്ണ്ണ വിലക്ക് ഏര്പ്പെടുത്തണമെന്ന ആവശ്യം കോടതി നിരസിച്ചു. വ്യക്തിഗത അവകാശങ്ങള് അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയില് വ്യാഖ്യാനിക്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ പേരും ചിത്രങ്ങളും വാണിജ്യ ആവശ്യങ്ങള്ക്കായി അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നും വ്യക്തിത്വ അവകാശങ്ങള് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജാന്വി കപൂര് നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി അധ്യക്ഷനായ ബെഞ്ചില് നടപടി. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് തന്റെ ചിത്രങ്ങള് വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്ന അയ്യായിരത്തിലധികം വെബ്പേജുകള്ക്കും പോസ്റ്റുകള്ക്കുമെതിരെ നടപടി വേണമെന്ന് ജാന്വി ആവശ്യപ്പെട്ടിരുന്നു.
അപകീര്ത്തികരമായ ഉളളടക്കങ്ങളില് നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കാന് ജാന്വിക്ക് അര്ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീലമോ അപകീര്ത്തികരമോ ആയ ഉളളടക്കങ്ങളുളള ലിങ്കുകള് കൃത്യമായ പട്ടികയായി തയാറാക്കി നല്കാന് കോടതി ആവശ്യപ്പെട്ടു.
അതേസമയം ഫാന് പേജുകള് പൂര്ണ്ണമായി നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തളളി. ഫാന് പേജുകളില് പ്രശംസയും വിമര്ശനവും ഒരുപോലെ ഉണ്ടാകമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില് വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ചിലപ്പോള് പരിഹാരം പ്രശ്നത്തെക്കാള് വഷളായേക്കാം. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കുന്നതാണ് ജസ്റ്റിസ് ഭംഭാനി ചൂണ്ടിക്കാട്ടി.
ഫാന് പേജുകള് പ്രശംസിക്കുന്നതോ വിമര്ശിക്കുന്നതോ പരിഹസിക്കുന്നതോ ആകാം. പൊതുമണ്ഡലത്തിലുളള എല്ലാവരും വിവിധ രീതിയില് വിമര്ശിക്കപ്പെടുന്നുണ്ട്. ഇത്തരം പേജുകളെല്ലാം അടച്ചുപൂട്ടാന് സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്ത്തു.







Comments