
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്താൻ മുൻ ആഭ്യന്തര മന്ത്രിയും അവാമി മുസ്ലിം ലീഗ് നേതാവുമായ ഷെയ്ഖ് റഷീദ് അഹമ്മദ്. പാകിസ്താനിലേക്ക് തിരിഞ്ഞുനോക്കിയാൽ ഇന്ത്യയെ അല്ലാഹു തകർത്തു കളയുമെന്നും ഇന്ത്യയിൽ പക്ഷികൾ ചിലയ്ക്കുകയോ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങുകയോ ഇല്ലെന്നും ഭീഷണി മുഴക്കി. ഒരു പൊതുപരിപാടിയിലാണ് പാക് മുൻ മന്ത്രിയുടെ ഭീഷണി.
നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സയ്യിദിനെ പരസ്യമായി പ്രശംസിക്കുകയും ഇന്ത്യയ്ക്കെതിരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലായിരുന്നപ്പോൾ ഹാഫിസ് തനിക്ക് സയ്യിദിന്റെ ഫോൺ വന്നിരുന്നുവെന്നും, തുടർന്ന് തന്നെ രാജ്യത്തുനിന്ന് പുറത്താക്കിയെന്നും റഷീദ് അഹമ്മദ് അവകാശപ്പെട്ടു. "ഞങ്ങൾ പാകിസ്താനൊപ്പമാണ്, ഹാഫിസ് സയ്യിദിനൊപ്പമാണ്," മുൻ മന്ത്രി പറഞ്ഞു.
"മെയിൻ ഹാഫിസ് സാബ് കാ ഗുലാം ഹു" (ഞാൻ ഹാഫിസ് സാഹിബിന്റെ അടിമയാണ്) എന്ന് റഷീദ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറും പാകിസ്താൻ മർക്കസി മുസ്ലിം ലീഗ് പ്രസിഡന്റുമായ ഖാലിദ് മസൂദ് സന്ധു, ഭീകര സംഘടനയുടെ സെൻട്രൽ അഡ്വൈസറി കമ്മിറ്റി അംഗമായ ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പമാണ് ഷെയ്ഖ് റഷീദ് വേദി പങ്കിട്ടത്.
ഇമ്രാൻ ഖാൻ സർക്കാരിൽ 2020 മുതൽ 2022 വരെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഷെയ്ഖ് റഷീദ്.

Comments