
തെലങ്കാനയിലെ ജയശങ്കർ ഭൂപൽപ്പള്ളി ജില്ലയിൽ നിന്നുള്ള മാതൃകാപരമായ ഒരു മനുഷ്യത്വത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടയർ പഞ്ചറായി റോഡിൽ കുടുങ്ങിപ്പോയ ഖനി തൊഴിലാളികൾക്ക് പണത്തെക്കുറിച്ച് ചിന്തിക്കാതെ അടിയന്തര സഹായം നൽകിയ ഒരു ടയർ റിപ്പയർ തൊഴിലാളിയാണ് ഇന്ന് ഇന്റർനെറ്റിലെ ഹീറോ. സയ്യിദ് റഹീം പാഷ എന്ന വ്യക്തിയുടെ ഈ കാരുണ്യ പ്രവൃത്തി നിരവധി പേരുടെ പ്രശംസയാണ് നേടിയിരിക്കുന്നത്.
ഭൂപൽപ്പള്ളി മണ്ഡലത്തിൽ വെച്ചാണ് സംഭവം നടക്കുന്നത്. ടയർ പഞ്ചറായതിനെ തുടർന്ന് യാത്രാമധ്യേ വഴിയിൽ കുടുങ്ങിപ്പോയ രണ്ട് ഖനി തൊഴിലാളികളെ ഒരു വ്യക്തി കണ്ടുമുട്ടുകയും, അവർക്ക് സഹായിയെ എത്തിച്ചു നൽകുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സയ്യിദ് റഹീം പാഷ തന്റെ മൊബൈൽ ടയർ റിപ്പയർ ടൂൾ കിറ്റുമായി ഉടൻ തന്നെ ജോലി ആരംഭിച്ചു. റോഡിലോ കാട്ടിലോ ഖനികളുടെ സമീപത്തോ എവിടെയാണെങ്കിലും ആളുകൾക്ക് സഹായം എത്തിച്ചു നൽകുന്നതാണ് തന്റെ ജോലിയെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.
എന്നാൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് തൊഴിലാളികളുടെ കയ്യിൽ ആവശ്യത്തിന് പണമില്ലെന്നും ടയറിന്റെ ട്യൂബ് പൂർണ്ണമായി തകരാറിലായെന്നും റഹീം മനസ്സിലാക്കുന്നത്. പണമില്ലെന്നറിഞ്ഞിട്ടും അദ്ദേഹം അവരെ സഹായിക്കാൻ തയ്യാറാകുകയായിരുന്നു. പുതിയ ട്യൂബ് മാറ്റി നൽകിയ ശേഷം, നാട്ടിൽ ചെന്നിട്ട് പണം അയച്ചു നൽകിയാൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം ആ തൊഴിലാളികളെ യാത്രയാക്കുകയും ചെയ്തു. പണത്തേക്കാൾ ഉപരി മനുഷ്യത്വത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.
തന്റെ മൊബൈൽ നമ്പറും പങ്കുവെച്ചുകൊണ്ട്, ഈ പ്രദേശത്ത് വച്ച് ആർക്കെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പണത്തെക്കുറിച്ച് ആകുലപ്പെടാതെ തന്നെ വിളിക്കാമെന്ന് അദ്ദേഹം പറയുന്നു. "മനുഷ്യരായി ജനിച്ച സ്ഥിതിക്ക് നമ്മൾ പരസ്പരം സഹായിക്കണം. പണത്തിന് യഥാർത്ഥ വിലയൊന്നുമില്ല, മനുഷ്യജീവനും ദയയ്ക്കുമാണ് യഥാർത്ഥ വില" എന്ന് റഹീം പാഷ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഈ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.







Comments