
ന്യൂഡല്ഹി: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്ക്കത്തില് സോണിയ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി. പ്രീണന രാഷ്ട്രീയത്തിനായി കോണ്ഗ്രസ് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയാണെന്നും മതമൗലികവാദികള്ക്ക് മുന്നില് കീഴടങ്ങുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബിന് ആരോപിച്ചു.
സോണിയഗാന്ധി മനഃപൂര്വം ദേശീയഗീതം തടസ്സപ്പെടുത്തുകയും നിയമപരമായ വ്യവസ്ഥകള് ലംഘിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഡല്ഹിയിലും കര്ണാടകയിലും ഇതിനോടകം പരാതി നല്കിയിട്ടുണ്ടെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. അതേസമയം, വന്ദേമാതരം ബില് ചര്ച്ചയില് ജയ്റാം രമേശ് രാജ്യസഭയില് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചാണ് കോണ്ഗ്രസ് പ്രതിരോധിക്കുന്നത്.
ദേശീയതലത്തിലെ പ്രതിഷേധങ്ങള്ക്ക് പുറമെ, കേരളത്തിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തില് വന്ദേമാതരം പൂര്ണമായി ആലപിക്കാതിരുന്നതിനെ ചൊല്ലിയും ശക്തമായ രാഷ്ട്രീയ തര്ക്കം ഉടലെടുത്തിട്ടുണ്ട്. ദേശീയഗീതം പാടുന്നത് തടഞ്ഞതിലൂടെ മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ആരോപിച്ചൂ. നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചന നല്കി. സഖ്യകക്ഷികളായ തൃണമൂല് കോണ്ഗ്രസും (ടിഎംസി) ഡിഎംകെയും സോണിയ ഗാന്ധിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.







Comments