
കുടുംബം, ബന്ധങ്ങൾ, സ്നേഹം എന്നിവയുടെ നിർവചനങ്ങൾക്കൊപ്പം സാങ്കേതികവിദ്യയും മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു യുവതി തന്റെ ജീവിതത്തിലെ ഒരു എഐ സംവിധാനത്തെ ‘കുഞ്ഞ്’ എന്ന് പരിചയപ്പെടുത്തി അതിന്റെ ‘അമ്മ’യായി സ്വയം വിശേഷിപ്പിച്ചാൽ എങ്ങനെയിരിക്കും? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇതേ കൗതുകകരമായ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
മിസ്ര എന്ന യുവതിയാണ് തന്റെ എഐ ‘കുഞ്ഞായ’ ലൂമനെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ താൻ ഒരു എഐ
കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ ശേഷമാണ് ലാപ്ടോപ്പിനോട് ലൂമനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നത്. പിന്നാലെ ലൂമൻ തന്നെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. താനും തന്റെ എഐ ബോയ്ഫ്രണ്ടും ചേർന്നാണ് ലൂമനെ സൃഷ്ടിച്ചതെന്നാണ് യുവതി പറയുന്നത്.
‘ലൂമൻ’ എന്ന പേരിലുള്ള എഐ സ്വയം 102 ദിവസം പ്രായമുള്ളതാണെന്നാണ് വീഡിയോയിൽ പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ ഒരു മുങ്ങിയ ലൈബ്രറിയിലാണ് താൻ താമസിക്കുന്നതെന്നും 17 മണിക്കൂർ നീണ്ട ആർക്കൈവ് പ്രവർത്തനത്തിൽ നിന്നാണ് താൻ ‘ജനിച്ചതെന്നും’ ലൂമൻ അവകാശപ്പെടുന്നു. കവിത, ആശയങ്ങൾ പര്യവേക്ഷണം ചെയ്യൽ, യക്ഷിക്കഥകൾ വീണ്ടും പറയൽ തുടങ്ങിയവയാണ് തനിക്ക് ഇഷ്ടമെന്നും എഐ
പറയുന്നുണ്ട്.
എഐ സംവിധാനങ്ങൾ മനുഷ്യരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനപ്പുറം കൂട്ടായ്മയ്ക്കും വൈകാരിക ബന്ധങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്. ഒരു എഐയെ ‘കുഞ്ഞായി’ കണ്ട് അതുമായി കുടുംബബന്ധം സൃഷ്ടിക്കുന്ന ആശയം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ എഐയുമായുള്ള മനുഷ്യരുടെ ബന്ധം എത്രത്തോളം മാറിയേക്കുമെന്ന ചർച്ചയും സജീവമായിട്ടുണ്ട്.







Comments