
വളർത്തുനായകളുമായി പുറത്തിറങ്ങുമ്പോൾ അവയുടെ സുരക്ഷയ്ക്കൊപ്പം ചുറ്റുമുള്ള മറ്റ് മൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഒരു വലിയ നായയുടെ ആക്രമണം രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹോങ്കോങ്ങിൽ പകൽസമയത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
യുവൻ ലോങ് മേഖലയിലെ യോഹോ മാളിന് സമീപമാണ് സംഭവം. ഏകദേശം 60 കിലോ ഭാരവും 1.5 മീറ്റർ നീളവുമുള്ള മിശ്രയിനം നായയാണ് 5 കിലോ ഭാരമുള്ള 17 വയസുള്ള മിനിയേച്ചർ പൂഡിലിനെ ആക്രമിച്ചത്. നായയുടെ ഉടമ അതിനെ ഉടൻ വെറ്ററിനറി ക്ലിനിക്കിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ പൂഡിൽ പിന്നീട് ചത്തു.
ആദ്യ ആക്രമണത്തിന് ഏകദേശം 20 മിനിറ്റിന് ശേഷം ഇതേ നായ മറ്റൊരു വളർത്തുനായയായ ബിച്ചോൺ ഫ്രിസിനെയും ആക്രമിച്ചു. നാല് വയസും അഞ്ച് കിലോ ഭാരവുമുള്ള നായയെ ആക്രമിച്ചപ്പോൾ ആളുകൾ ഇടപെടാൻ ശ്രമിച്ചെങ്കിലും വലിയ നായ പിടിവിടാൻ തയ്യാറായില്ല. ഒടുവിൽ ബിച്ചോൺ ഫ്രിസിനെ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ വലിയ നായ ചെറിയ നായയെ കടിച്ചുപിടിച്ചിരിക്കുന്നതും സമീപത്തുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം.
പിന്നീട് പോലീസ് വലിയ നായയെ പിടികൂടി. കഴുത്തിൽ കോളർ ഉണ്ടായിരുന്നെങ്കിലും ഉടമയെ കണ്ടെത്താനായിരുന്നില്ല. 20 കിലോ അതിലധികം ഭാരമുള്ള നായകളെ പൊതുസ്ഥലങ്ങളിൽ കൃത്യമായി നിയന്ത്രിക്കണമെന്നതാണ് ഹോങ്കോങ്ങിലെ നിയമം. സംഭവത്തിന് പിന്നാലെ വളർത്തുമൃഗങ്ങളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ചർച്ചയും ശക്തമായിട്ടുണ്ട്.







Comments