
കൊല്ക്കത്ത: ഇന്ത്യന് ഫുട്ബോള് ആരാധകര്ക്ക് ആവേശം പകര്ന്ന് എഐഎഫ്എഫിന്റെ പുതിയ നീക്കങ്ങള്. ഒക്ടോബര് 3-ന് കൊല്ക്കത്തയില് നടക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് പുറമേ, ആഫ്രിക്കന് കരുത്തരായ കേപ്പ് വെര്ഡെയ്ക്കെതിരെയും ഇന്ത്യ കളിച്ചേക്കും.
സെപ്റ്റംബര് 21 മുതല് ഒക്ടോബര് 6 വരെയുള്ള ഫിഫ വിന്ഡോയില് മത്സരം നടത്താന് കേപ്പ് വെര്ഡെ ഫുട്ബോള് ഫെഡറേഷനുമായി ചര്ച്ചകള് അവസാനഘട്ടത്തിലാണ്. 2026 ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു കേപ്പ് വെര്ഡെ. സ്പെയിനെയും ഉറുഗ്വായിയെയും സമനിലയില് തളച്ച അവര് അര്ജന്റീനയ്ക്കെതിരെ പൊരുതിയാണ് തോറ്റത്. ഉറുഗ്വായുമായുള്ള മത്സരവും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
ഓഗസ്റ്റ് 31-നകം എഐഎഫ്എഫ് ഫിഫയ്ക്ക് ഇതുസംബന്ധിച്ച അപേക്ഷ നല്കേണ്ടതുണ്ട്. അതേസമയം, ഈ മത്സരങ്ങള്ക്ക് മുന്ഗണന നല്കുന്നതിനായി ഫിഫ അസിയാന് കപ്പില് നിന്ന് ഇന്ത്യ പിന്മാറി. രണ്ടാം നിര ടീമിനെ പങ്കെടുപ്പിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ഫിഫ തള്ളിയതോടെയാണ് പിന്മാറ്റവും അതിലൂടെയുള്ള പിഴയും വരിക്കാന് ഇന്ത്യ നിര്ബന്ധിതമായത്.
അതേസമയം അസിയാന് കപ്പില് നിന്നും പിന്മാറിയ എഐഎഫ്എഫിന്റെ തീരുമാനത്തിനെതിരെ ഫുട്ബോള് ആരാധകര്ക്കിടയില് വിമര്ശനവും ഉയരുന്നുണ്ട്. ബ്രസീലിനെതിരേ കളിക്കാനുള്ള സാധ്യതയിലാണ് അസിയാന് കപ്പില് നിന്നും ഇന്ത്യ പിന്മാറിയത്. ഫിഫ അനുവദിക്കുന്നതില് കൂടുതല് കളികള് വരുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയ്ക്ക് ഒരു മത്സരം ഒഴിവാക്കേണ്ടി വന്നത്.







Comments