
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിൽ സൈനിക നടപടികളിൽ ‘നാരി ശക്തിയുടെ’ സജീവ സാന്നിധ്യമുണ്ടായിരുന്നു. മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിനിടെ പാകിസ്താനിലെ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്ത് ആക്രമണം നടത്തിയ സംഘത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഒരു വനിതാ ഫൈറ്റർ പൈലറ്റും പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തൽ.
ഭീകരൻ ഹാഫിസ് സയീദുമായി ബന്ധപ്പെട്ടുള്ള ലഷ്കറിന്റെ പ്രധാന പരിശീലന കേന്ദ്രമായ മർകസ് തൊയ്ബ സമുച്ചയത്തെ ലക്ഷ്യമിട്ട പ്രാഥമിക ആക്രമണ സംഘത്തിൽ ഈ വനിതാ ഓഫീസറും ഉൾപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഡിസ്കവറി ചാനലിന്റെ 'ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സീരീസിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഐഎഎഫ് പൈലറ്റുകളിൽ ഈ വനിതാ ഫൈറ്റർ പൈലറ്റും ഉൾപ്പെട്ടിരുന്നു. ദീർഘദൂര ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇരട്ട എഞ്ചിൻ മൾട്ടിവോളിയം യുദ്ധവിമാനമായ സുഖോയ്-30എം.കെ.ഐ ആണ് അവർ പറത്തിയത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, 87 മുതൽ 88 മണിക്കൂർ വരെ നീണ്ട തീവ്ര സംഘർഷത്തിനിടയിൽ നിരവധി വനിതാ യുദ്ധവിമാന പൈലറ്റുകൾ ഇത്തരം ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
സുഖോയ്-30എം.കെ.ഐ, റാഫേൽ എന്നീ വിമാനങ്ങൾ വനിതാ ഓഫീസർമാർ പറത്തിയിട്ടുണ്ട്. ചില ദൗത്യങ്ങളിൽ പൈലറ്റുമാരായും മറ്റു ചിലവയിൽ വെപ്പൺ സിസ്റ്റം ഓപ്പറേറ്റർമാരായും അവർ പ്രവർത്തിച്ചു. ഫൈറ്റർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ ഓഫീസർമാർ പുരുഷ ഉദ്യോഗസ്ഥരെപ്പോലെ തന്നെ കഠിനമായ പരിശീലനങ്ങളും തുല്യമായ പ്രവർത്തന ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു.
2025 ഏപ്രിൽ 22-ന് 26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് മെയ് 7-നാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഒൻപത് സ്ഥലങ്ങളിൽ ഇന്ത്യൻ സേന ആക്രമണം നടത്തി. മുരിദ്കെയിലെയും ബഹാവൽപൂരിലെയും ജയ്ഷെ മുഹമ്മദ് ആസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
വ്യോമസേന തങ്ങളുടെ ഫൈറ്റർ വിഭാഗം വനിതകൾക്കായി തുറന്നുകൊടുത്തതിന് ശേഷമുള്ള സുപ്രധാന മുന്നേറ്റമായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്. 2015-16 കാലഘട്ടത്തിലാണ് വനിതകൾ ഫൈറ്റർ ഏവിയേഷനിൽ പ്രവേശനം നേടിയത്. നിലവിൽ സുഖോയ്, റാഫേൽ, മിഗ്-29, തേജസ് തുടങ്ങിയ മുൻനിര യുദ്ധവിമാനങ്ങൾ വനിതാ ഓഫീസർമാർ കൈകാര്യം ചെയ്യുന്നുണ്ട്.







Comments