
കല്യാണി: വിദ്വേഷ പ്രസംഗക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്. നദിയ ജില്ലയിലെ കൃഷ്ണനഗർ തേഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഓഗസ്റ്റ് 28നകം വാറണ്ട് നടപ്പാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും പൊലീസ് അധികൃതർക്ക് കോടതി നിർദേശം നൽകി.
സ്ത്രീത്വത്തെ അപമാനിക്കൽ, വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളിലാണ് മഹുവയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ നേരിട്ട് ഹാജരാകാൻ പലതവണ സമൻസ് അയച്ചിട്ടും അവർ കോടതിയിൽ എത്തിയില്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച നിർബന്ധമായും ഹാജരാകാൻ നിർദേശിച്ചിട്ടും എം.പി എത്തിയില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ഉത്തരവുകൾ നിരന്തരം പാലിക്കാത്തത് നിയമവ്യവസ്ഥയോടുള്ള അനാദരവും അലസതയുമാണ് പ്രകടമാക്കുന്നതെന്ന് ഉത്തരവിൽ മജിസ്ട്രേറ്റ് പറഞ്ഞു. ഈ സാഹചര്യത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു ഘട്ടത്തിലും മഹുവ മൊയ്ത്ര നേരിട്ട് കോടതിയിൽ ഹാജരാകില്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചതായും കോടതി പറഞ്ഞു. കോടതി വളപ്പിന് പുറത്ത് പ്രതിഷേധക്കാരുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കയും അഭിഭാഷകൻ ഉന്നയിച്ചിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിർച്വൽ ആയി ഹാജരാകാൻ അനുവദിക്കണമെന്ന മഹുവയുടെ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.







Comments