
തിരുവനന്തപുരം: നിര്മ്മാണ സാമഗ്രികളുടെ വിതരണത്തില് ഏര്പ്പെടുത്തിയ വിലക്കില് നിന്ന് കേരളത്തിന് ഇളവ് നല്കുന്ന കാര്യം അനുഭാവപൂര്വ്വം പരിഗണിക്കാമെന്ന് തമിഴ്നാട് സര്ക്കാര് ഉറപ്പു നല്കിയതായി കേരള മുഖ്യമന്ത്രി വി. ഡി. സതീശന്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി നടത്തിയ ഉന്നതതല ചര്ച്ചയിലാണ് ഈ പ്രധാന ധാരണ രൂപപ്പെട്ടത്.
മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗണ്സില് യോഗത്തിന്റെ ഭാഗമായി ഇരു മുഖ്യമന്ത്രിമാരും തമ്മില് നടത്തിയ പ്രതിനിധിതല കൂടിക്കാഴ്ചയിലാണ് കേരളം ഈ വിഷയം പ്രധാനമായും ഉന്നയിച്ചത്. തമിഴ്നാട്ടില് നിന്ന് മെറ്റല്, ക്വാറി ഉല്പ്പന്നങ്ങള് എന്നിവ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെയും നിര്മ്മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിര്മ്മാണ മേഖലയിലെ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി വിലക്കില് നിന്ന് ഇളവ് നല്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന് ആവശ്യപ്പെട്ടു. മുന്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതിന് പുറമെയാണ് നേരിട്ടുള്ള ചര്ച്ച. വിഷയം പരിഹരിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളിലെയും മുതിര്ന്ന ഉദ്യോഗസ്ഥര് തമ്മില് ഉടന് തന്നെ തുടര്ചര്ച്ചകള് നടത്താനും, അനുയോജ്യമായ തീരുമാനം വൈകാതെ കൈക്കൊള്ളാനും തീരുമാനമായി.







Comments