
പുറത്ത് കാണുമ്പോൾ രുചികരമെന്ന് തോന്നുന്ന ഭക്ഷണത്തിനുള്ളിൽ എന്താണെന്ന് പലപ്പോഴും നമുക്ക് അറിയില്ല. എന്നാൽ കഴിച്ചുകൊണ്ടിരിക്കുന്ന സാൻഡ്വിച്ചിനുള്ളിൽ ജീവനുള്ള പുഴുവിനെ കണ്ടാലോ? ഗുരുഗ്രാമിലെ ഒരു റെസ്റ്റോറന്റിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ യുവാവിനുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗുരുഗ്രാമിലെ വൺ ഹൊറൈസൺ സെന്ററിലുള്ള പോള് റെസ്റ്റോറന്റിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം പ്രഭാതഭക്ഷണത്തിനായി എത്തിയ സുലഭ് മാഥൂർ നിരവധി വിഭവങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇതിനിടെ സാൻഡ്വിച്ചിന്റെ പകുതിയോളം കഴിച്ച ശേഷമാണ് ബ്രെഡിനുള്ളിൽ എന്തോ ഇഴയുന്നത് ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഭക്ഷണത്തിനുള്ളിൽ ജീവനുള്ള പുഴുവാണെന്ന് മനസിലായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ മാഥൂർ തന്നെ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സാൻഡ്വിച്ചിനുള്ളിലൂടെ പുഴു ഇഴയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ റെസ്റ്റോറന്റ് അധികൃതർ മാഥൂറിനെ ബന്ധപ്പെടുകയും സംഭവത്തിൽ ക്ഷമ ചോദിക്കുകയും ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഗുരുഗ്രാമിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ കർശന നടപടികളിലൂടെ ശ്രദ്ധ നേടിയ എഫ്ഡിഎ കമ്മീഷണർ തുകാറാം മുണ്ടെയുടെ മാതൃകയിൽ ഗുരുഗ്രാമിലും കർശന പരിശോധനകൾ ആവശ്യമാണോ എന്ന ചർച്ചയ്ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം അതിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചൂണ്ടിക്കാണിക്കുകയാണ് ഈ സംഭവം.







Comments