
തൃശൂർ: ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്ന് മന്ത്രി ഓ ജെ ജനീഷ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും ജെനീഷ് പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ആദ്യമായാണ് സംഘടനയ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ ആണ് സെക്രട്ടറി.
തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ആണ് ട്രഷറർ. ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗങ്ങളാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.വി.കെ. സനോജും, വി. വസീഫുമാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് , സെക്രട്ടറി സ്ഥാനങ്ങളിലുണ്ടായിരുന്നത്. 3 വർഷം കൂടുമ്പോൾ സാധാരണയായി നേതൃമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അത് 4 വർഷം പിന്നിട്ടു.







Comments