
ന്യുഡൽഹി: കനത്ത മഴയെ തുടർന്ന് ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഡൽഹി-എൻസിആർ മേഖലയിൽ സാധാരണ ജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് കനത്ത മഴ പെയ്തിരുന്നു.
വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ വാഹനങ്ങൾ മെല്ലെ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പല പ്രധാന റോഡുകളിലും വെള്ളം കെട്ടിക്കിടന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ വാഹനങ്ങൾ മെല്ലെ നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പല പ്രധാന റോഡുകളിലും വെള്ളം കെട്ടിക്കിടന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയാണ് മഴ പെയ്തത്. ഇത് ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും റോഡുകളിലും മാർക്കറ്റുകളിലും റെസിഡൻഷ്യൽ ഏരിയകളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു.
തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെയുള്ള കണക്കനുസരിച്ച് ഡൽഹിയിലെ സഫ്ദർജംഗിൽ 12 മഴദിനങ്ങളിലായി 246.2 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് ഓഗസ്റ്റ് മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയായ 226.8 മില്ലീമീറ്ററിനേക്കാൾ കൂടുതലാണ്. ഈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റ് 8-നാണ്. അന്ന് 24 മണിക്കൂറിനുള്ളിൽ 98.7 മില്ലീമീറ്റർ മഴയാണ് സഫ്ദർജംഗിൽ രേഖപ്പെടുത്തിയത്.
ഗുരുഗ്രാമിലും കനത്ത മഴ പെയ്തു. ചില പ്രദേശങ്ങളിൽ 70 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തി. നർസിങ്പൂർ, ഹീറോ ഹോണ്ട ചോക്ക്, രാജീവ് ചോക്ക്, ഇഫ്കോ ചോക്ക്, പഴയ ഗുരുഗ്രാമിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലും മറ്റ് പ്രധാന റോഡുകളിലും ഗതാഗതം മന്ദഗതിയിലായി, വെള്ളം നിറഞ്ഞ ഭാഗങ്ങളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.
കൂടുതൽ മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ, ചൊവ്വാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ഗുരുഗ്രാം ഭരണകൂടം കോർപ്പറേറ്റ് ഓഫീസുകൾക്ക് നിർദ്ദേശം നൽകി. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായി ക്ലാസുകൾ നടത്താനും നിർദ്ദേശിച്ചു.ഐഎംഡിയുടെ കണക്കനുസരിച്ച്, ഗുരുഗ്രാമിൽ 38 മില്ലിമീറ്ററും ഫരീദാബാദിൽ 58 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.







Comments