
പുതിയ കാർ വാങ്ങിയ സന്തോഷം ആഘോഷിക്കാൻ പലരും കേക്ക് മുറിക്കുകയും സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുകയും ചെയ്യാറുണ്ട്. എന്നാൽ പുണെയിൽ ഒരു സംഘം ആഘോഷം നടത്താൻ തിരഞ്ഞെടുത്തത് തിരക്കേറിയ ഹൈവേയായിരുന്നു. പുതിയ കാറിന്റെ വരവ് ആഘോഷിച്ച് റീൽ ചിത്രീകരിക്കാൻ റോഡിൽ വാഹനങ്ങൾ നിർത്തിയതോടെ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും സംഭവം ഒടുവിൽ പോലീസ് കേസിൽ കലാശിക്കുകയും ചെയ്തു.
ഓഗസ്റ്റ് 27ന് പുണെ-ബെംഗളൂരു ഹൈവേയിലെ ബാവ്ധാൻ മേഖലയിലാണ് സംഭവം നടന്നത്. പുതിയ എസ്‌യുവി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹൈവേയുടെ നടുവിൽ നിർത്തിയായിരുന്നു ആഘോഷവും ചിത്രീകരണവും. പുതിയ കാറിന് പൂമാല അണിയിച്ചിരുന്നതായും ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതായും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ റോഡിൽ തടസ്സമായി നിർത്തിയതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ കുടുങ്ങി നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. ഹൈവേയിൽ അനുമതിയില്ലാതെ വാഹനങ്ങൾ നിർത്തി റീൽ ചിത്രീകരിക്കുകയും മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. പുതിയ എസ്‌യുവിയുടെ ഉടമ ഉൾപ്പെടെ സംഘത്തിലെ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും രണ്ട് എസ്‌യുവികൾ പോലീസ് പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടി തിരക്കേറിയ റോഡുകളിൽ റീൽ ചിത്രീകരിക്കുന്ന പ്രവണത വീണ്ടും ചർച്ചയാകുകയാണ് സംഭവം. ഏതാനും മിനിറ്റുകളുടെ വീഡിയോയ്ക്കായി ഹൈവേയിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും യാത്രയും അപകടത്തിലാക്കുന്നത് ഗുരുതരമായ വിഷയമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പുതിയ കാർ വാങ്ങിയ സന്തോഷം ആഘോഷിക്കാനിറങ്ങിയ സംഘം ഒടുവിൽ റീലിനൊപ്പം പോലീസ് കേസും ‘നേടി’ എന്നതാണ് സംഭവത്തിന്റെ ശ്രദ്ധേയമായ വശം.







Comments