
ഭോപ്പാൽ∙ രജപുത്ര രാജ്ഞിയായ പദ്മാവതിയുടെ കഥപറയുന്ന ചിത്രമായിരുന്നു സഞ്ജയ് ലീലാ ബന്സാലി സംവിധാനം ചെയ്ത പദ്മാവത്. കേന്ദ്ര കഥാപാത്രമായി ദീപിക പദുകോണ് എത്തിയ ഈ ചിത്രത്തില് ഷാഹിദ് കപൂറായിരുന്നു നായകന്, വില്ലനായി എത്തിയത് രണ്വീര് സിംഗായിരുന്നു. മാലിക് മുഹമ്മദ് ജയസിയുടെ ‘പദ്മാവത്’ എന്ന രചനയില് ചിത്തോറിലെ അതിസുന്ദരിയായ രജപുത്രി രാജ്ഞിയായ പദ്മാവതിയുടെ കഥയാണ് പറഞ്ഞിരുന്നത്. അതാണ് സഞ്ജയ് ലീലാ ബന്സാലി ബിഗ്സ്ക്രീനിലൂടെ പ്രേക്ഷകര്ക്ക് മുന്നിലെത്തിച്ചത്.
എന്നാല് അനൗണ്സ് ചെയ്തതു മുതല് റിലീസ് ചെയ്യും വരെ ഒരുപാട് കടമ്പകള് കടന്നാണ് ‘പദ്മാവത്’ പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. നിരവധി വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടു നീണ്ടു പോയി. പദ്മാവതി എന്നു പേരിട്ടിരുന്ന ചിത്രം സെൻസർ ബോർഡിന്റെ നിർദേശപ്രകാരം പദ്മാവത് എന്നാക്കിയതടക്കം ആ വിവാദങ്ങളുടെ പരിണിത ഫലങ്ങളാണ്.
ഇപ്പോഴിതാ പദ്മാവത് എന്ന ചിത്രത്തിലെ ജൗഹറിനെയും സതിയെയും മഹത്വവൽക്കരിച്ചതിനെ വിമര്ശിച്ച് താന് സംവിധായകന് സഞ്ജയ് ലീല ബൻസാലിക്ക് ഒരു തുറന്ന കത്തെഴുതിയ കാര്യം എട്ടു വര്ഷങ്ങള്ക്കിപ്പുറം പിന്നെയും പങ്കിടുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കര്. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ‘വുമൺ, ലൈഫ്, ഫ്രീഡം’ എന്ന പരിപാടിയിലാണ് സ്വര ഭാസ്കർ സംസാരിച്ചത്. പദ്മാവത് കണ്ടതിന് ശേഷം ബൻസാലിക്ക് തുറന്ന കത്തെഴുതാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് മറുപടി നൽകവേ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു. അന്നത്തെക്കാലത്ത് വാര്ത്തകളില് ഇടം നേടിയൊരു കത്തു കൂടിയായിരുന്നു സ്വരയുടേത്. ചിത്രത്തിലെ ജൗഹർ രംഗം തന്നെ അത്രത്തോളം അസ്വസ്ഥമാക്കിയതിന്റെ കാരണവും താരം പറഞ്ഞു.
‘‘ഞാൻ ഇത് കാണുകയാണ്, ഈ 800 സ്ത്രീകളെയും ജൗഹർ ചെയ്യുന്നതായി കാണിക്കുന്നു, അതാണ് കഥ. ഇത് കണ്ടപ്പോൾ ഞാൻ ചിന്തിച്ചു, ദൈവം രക്ഷിക്കട്ടെ, ഞാൻ ഒരു ബലാത്സംഗത്തെ അതിജീവിച്ചയാളായിരുന്നു, ഈ സിനിമ എന്നോട് എന്താണ് പറയുന്നത്? ഞാൻ ഒരു ഭീരുവാണെന്ന് എനിക്ക് തോന്നും. എന്റെ ‘മാനം’ രക്ഷിക്കാൻ ഞാൻ ആത്മഹത്യ ചെയ്തില്ല.
നമ്മുടേതുപോലുള്ള ഒരു സമൂഹത്തിലെ സ്ത്രീകളോട് നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് അതാണോ? ഇവിടെയൊരു ബലാത്സംഗ പകർച്ചവ്യാധി ഉള്ളതായി എനിക്ക് തോന്നുന്നു. അതിജീവിച്ചവരോട് നമ്മൾ പറയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ജീവിക്കാൻ അർഹരല്ല എന്നാണോ? നിങ്ങൾ ധീരരും മാന്യരുമായ സ്ത്രീകളായിരുന്നെങ്കിൽ നിങ്ങൾ സ്വയം ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണോ? ബലാത്സംഗം ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമാണെന്ന് നമ്മൾ പറയുന്നുണ്ടോ?
പദ്മാവതിൽ ‘വളരെ പ്രശ്നകരമായ’ നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. അതിലെ ഒരു ഷോട്ട് എന്നെ വല്ലാതെ ഭ്രാന്തിയാക്കിയതുപോലെയായിരുന്നു. അതുകണ്ട് ഞാൻ ‘ഛീ!...’ എന്ന് പറഞ്ഞു. അതില് ഗർഭിണിയായ ഒരു സ്ത്രീയുടെ വയറിന്റെ ക്ലോസ്-അപ്പ് ഉണ്ട്, അവളും നടന്നു പോകുന്നുണ്ട്... അപ്പോൾ, ഒരു മുസ്ലീം ഭരണാധികാരി ബലാത്സംഗം ചെയ്തേക്കാം എന്നതിനാൽ സ്ത്രീയാകാൻ സാധ്യതയുള്ള ഒരു ഗർഭസ്ഥ ശിശു ജനിക്കാൻ അർഹതയില്ല എന്നാണോ നിങ്ങൾ പറയുന്നത് ? ശരിക്കും ഭീകരമാണെന്ന് എനിക്കു തോന്നിയിട്ട് ദേഷ്യം വന്നിട്ട് ഞാന് പുറത്തു വന്നു
സാധാരണയായി ആളുകൾ കരുതുന്നത് ഞാൻ ഈ കാര്യങ്ങൾ (ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത്) ഒരു കോപത്തോടെയാണ് ചെയ്യുന്നതെന്നാണ്. പക്ഷേ ഇതിന് ഞാൻ അഞ്ച് ദിവസം കാത്തിരുന്നു. ‘ഇപ്പോഴും എനിക്ക് ഇങ്ങനെ തോന്നുന്നുണ്ടോ’ എന്ന് ഞാന് ഒന്നുകൂടെ വിശകലനം നടത്തി. അതിനു ശേഷം അഞ്ച് ദിവസങ്ങള് കഴിഞ്ഞാണ് ഞാന് കത്തെഴുതിയത്...’’ സ്വര ഭാസ്കര് പറഞ്ഞു.
തന്റെ അഭിപ്രായങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് വാചാലയാകാൻ പേരുകേട്ട നടി, തന്നെക്കുറിച്ചുള്ള പൊതുവായ ധാരണകളെല്ലാം തള്ളിക്കളഞ്ഞാണ് ദി വയർ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്ത് സംവിധായകനായി എഴുതിയത്.
2018ല് സ്വര ഭാസ്കര് എഴുത്തിയ കത്തിൽ, പദ്മാവത് കണ്ടതിന് ശേഷം താൻ ‘ഒരു യോനിയിലേക്ക് ചുരുങ്ങി’ എന്നായിരുന്നു കുറിച്ചിരുന്നത്. എന്ന് സ്വര ഭാസ്കർ എഴുതി. ജൗഹർ, സതി എന്നീ പ്രവൃത്തികളെ മഹത്വവൽക്കരിച്ചതിന് ബൻസാലിയെ സ്വര വിമര്ശിച്ചു. ‘ബലാത്സംഗം ചെയ്യപ്പെട്ടാലും സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശമുണ്ട് സർ. ഭർത്താക്കന്മാർ മരിച്ചാലും, പുരുഷ സംരക്ഷകർ, ഉടമകൾ, ലൈംഗികതയുടെ നിയന്ത്രണക്കാർ... പുരുഷന്മാർ ആരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശമുണ്ട്...’’ എന്നാണ് സ്വര അന്ന് എഴുതിയത്.







Comments