
സീരിയലിലൂടെ തുടക്കം കുറിച്ച്, ബാലതാരമായി സിനിമയിലെത്തി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് നമിത പ്രമോദ്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി, അൽ മല്ലു, എ രഞ്ജിത്ത് ഫിലിം തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ബിഗ്സ്ക്രീനില് തന്റേതായ ഒരു ഇടം സൃഷ്ടിക്കാൻ നമിതയ്ക്കു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി വളരെ സെലക്ടീവായി മാത്രം സിനിമകള് ചെയ്യുന്ന താരം സമ്മർ ടൗൺ എന്ന വിന്റേജ് കഫേയുടെ ഉടമ കൂടിയാണിപ്പോള്. സോഷ്യല് മീഡിയയില് നിറസാന്നിധ്യമായ താരം തന്റെ സുഹൃത്തുക്കള്ക്കൊപ്പമുള്ള നിമിഷങ്ങളും ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള് ആരാധകര് ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പം പങ്കിടുകയാണ് നമിത പ്രമോദ്. തനിക്ക് വിവാഹം കഴിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും എന്നാല് അതിനൊരു കണ്ടീഷനുണ്ടെന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് വിവാഹം എന്താണ് എന്നതിനെക്കുറിച്ചും താരം മനസ്സു തുറക്കുന്നു.
‘‘കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ നമ്മള് സംസാരിക്കുമ്പോള് ആ വ്യക്തിയോട് നമുക്ക് സംസാരിച്ച് അഡ്ജസ്റ്റ് ചെയ്ത് പോകാൻ കഴിയുമെങ്കില് മാത്രമേ കല്യാണം കഴിക്കുന്നത് കൊണ്ട് ഒരു കാര്യമുള്ളൂ. എന്നാല് അത് ലൗ മാരേജ് വേണോ അറേഞ്ച്ഡ് മാരേജ് വേണോ എന്ന കാര്യത്തില് എനിക്ക് കണ്ഫ്യൂഷൻ ആണ്. അറേഞ്ച്ഡ് മാരേജ് എനിക്ക് ശരിയാകുമോ എന്ന് അറിയില്ല. ലൗ മാരേജ് ആണെങ്കില് കൂടി നമ്മള് മനസ്സിലാക്കുന്ന ഒരു വ്യക്തി ആകണം എന്ന് മാത്രമേയുള്ളൂ.
എന്റെ അച്ഛനും അമ്മയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കൂടാതെ തന്റെ ഒരുപാട് സുഹൃത്തുക്കളും അറേഞ്ച്ഡ് മാരേജ് ചെയ്യുന്നുണ്ട്. ഒരുപക്ഷേ നമ്മള് ശരിയായ വ്യക്തിയില് എത്തിപ്പെടുമ്പോള് അറേഞ്ച്ഡ് മാര്യേജ് നല്ലതാകും. വിവാഹത്തില് സ്നേഹം അടിസ്ഥാനമാണെങ്കിലും എനിക്ക് തോന്നിയിട്ടുള്ളത് സ്നേഹത്തേക്കാള് ഉപരി ഒരു കമ്പാനിയൻഷിപ്പ് വേണമെന്നാണ്. കല്യാണം കഴിഞ്ഞാല് സ്നേഹമുണ്ട്, പക്ഷേ തുടക്കത്തിലുള്ള ഒരു കാര്യങ്ങള് ആയിരിക്കില്ല ജീവിതം തുടങ്ങി കഴിഞ്ഞാല് ഉണ്ടാവുക.
പരസ്പരം ഉണ്ടാകുന്ന കെയർ, സപ്പോർട്ട് ഇതൊക്കെയാണ് അതിന്റെ ഒരു അടിസ്ഥാനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തൊക്കെയുണ്ട് എന്ന് പറഞ്ഞിട്ടും നമുക്ക് പരസ്പരം സപ്പോർട്ട് ചെയ്യാത്ത ഒരു പാർട്ണർ ആണ് കിട്ടുന്നതെങ്കില് അതില് വലിയ കാര്യം ഒന്നുമില്ല. നമ്മള് എങ്ങനെയാണ് എന്നുള്ളത് ആക്സെപ്റ്റ് ചെയ്യാൻ പറ്റണം. തീർച്ചയായും തിരിച്ചും നമുക്ക് അതിന് സാധിക്കണം. എങ്ങനെ നോക്കിയാലും കല്യാണം എന്നത് നോക്കിയും കണ്ടു ചെയ്യേണ്ട ഒരു കാര്യമാണ്...’’ എന്നാണ് നമിത പ്രമോദ് പറയുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.







Comments