
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്ശത്തില് കാന്തപുരത്തെ തള്ളി വാര്ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി പക്ഷേ വിമര്ശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പിന്വലിച്ചു. എപി സുന്നി വിഭാഗം നേതാക്കള് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പോസ്റ്റ് പിന്വലിച്ചത്. 'ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന' തലക്കെട്ടില്, മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്ത വിഡിയോയാണ് പിന്വലിച്ചത്.
നേരത്തേ മുഖ്യമന്ത്രിയുടെ പ്രസ്താവനയില് അതൃപ്തി രേഖപ്പെടുത്തി മുസ്ളീംലീഗ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നിവിഭാഗം നേതാക്കള് സമസ്ത സെക്രട്ടറി ഖലീലുല് ബുഖാരി തങ്ങളുടെ നേതൃത്വത്തില് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്ക്കൊപ്പം പ്രസ്താവന പിന്വലിക്കാന് മുഖ്യമന്ത്രിയോട് കേരള മുസ്ലിം ജമാഅത്തും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി കാന്തപുരത്തെ തള്ളി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തില് കാന്തപുരം വിഭാഗം നേതാക്കള് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു കണ്ടത്. കാന്തപുരം നടത്തിയ പ്രസ്താവന 16 ാം നൂറ്റാണ്ടില് നടത്തേണ്ട കാര്യമാണെന്നും സ്ത്രീകള് മുമ്പോട്ട് വരണമെന്ന താണ് ഈ സര്ക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി ഇന്നലെ വാര്ത്താസമ്മേളനത്തില് വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ ആദ്യഭാര്യ ബിസിനസു കാരിയും രണ്ടാം ഭാര്യ യോദ്ധാവായിരുന്നെന്നുമാണ് ഇസ്ളാമിക ചരിത്രം തന്നെ പറയുന്നതെന്നും വാര്ത്താസമ്മേളനത്തില് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കാന്തപുരത്തിന്റെ സ്ത്രീകള് അടങ്ങിയൊതുങ്ങി വീടുകളില് ഇരിക്കണമെന്ന പ്രസ്താവനയെ പൂര്ണമായും തള്ളുന്നതായിരുന്നു ഇന്നലെ വാര്ത്താസമ്മേളനത്തില് മുഖ്യമന്ത്രി നടത്തിയ പ്രതികരണം. മതപരമായ കാര്യത്തില് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വലിയ രീതിയില് മുസ്ളീംലീഗ് നേതാക്കളെ പോലും അതൃപ്തിപ്പെടുത്തുന്ന കാര്യമായിരുന്നു. ഇടതുനേതാക്കളും കാന്തപുരത്തിന്റെ പ്രസ്താവനയെ വിമര്ശിച്ച് രംഗത്ത് വന്നിരുന്നു. വിവാദം ഉയര്ന്നതോടെ മുഖ്യമന്ത്രി സാമൂഹ്യമാധ്യമ പോസ്റ്റ് പിന്വലിച്ച് വിവാദം ഒഴിവാക്കുകയായിരുന്നു.







Comments