
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്ശം യുഡിഎഫിലും പ്രശ്നമുണ്ടാക്കുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും യുഡിഎഫില് ആള്ക്കാര് രംഗത്ത് വന്നിരിക്കുകയാണ്. കാന്തപുരത്തെ വിമര്ശിച്ച മുഖ്യമന്ത്രിയെ എതിര്ത്ത് മുസ്ലീം ജമാഅത്തും മറ്റ് ഇസ്ളാമിക മത പണ്ഡിതരും രംഗത്ത് വന്നിരിക്കുകയാണ്. കാന്തപുരം വിഭാഗം ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സമുദായനേതാവിനെ മുഖ്യമന്ത്രി പരസ്യമായി വിമര്ശിക്കാന് പാടില്ലെന്നായിരുന്നു ലീഗ് നേതാക്കളുടെ അഭിപ്രായം. മതപണ്ഡിതന്മാരുടെ അഭിപ്രായം മുഖ്യമന്ത്രി ഏറ്റെടുത്തത് ലീഗിനെയും തങ്ങളെയും തള്ളിയതിന് സമാനമായി എന്ന കാഴ്ചപ്പാടാണ് മുസ്ളീംലീഗ് നടത്തുന്നത്. വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സമുദായവിരുദ്ധം പോലെ പ്രചരിക്കുമോ എന്ന ആശങ്കയും ലീഗ് നേതാക്കള് പങ്കുവെയ്ക്കുന്നുണ്ട്.
സംഘപരിവാര് സംഘടനകള്ക്ക് ഗുണകരമാകുന്ന രീതിയില് ഇത് മാറുമോ എന്ന ആശങ്കയും ലീഗ് പങ്കുവെയ്ക്കുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് എതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. ഒരോ മതങ്ങള്ക്കും അവരവരുടെ മത കാര്യങ്ങളുണ്ടെന്നും ഏതെങ്കിലും ഒരു മതത്തിന്റെ ആചാരത്തെ എതിര്ക്കേണ്ടതില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു.
മുസ്ലിങ്ങളുടെ നിയമം പറയുമ്പോള് സ്വീകരിക്കേണ്ടവര്ക്ക് സ്വീകരിക്കാം അല്ലെങ്കില് തള്ളിക്കളയാം. ഇന്ത്യ ഒരു മഹാ രാജ്യമാണ്. ഓരോ മതസ്തര്ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. മതങ്ങള് തമ്മില് സൗഹാര്ദ്ദം നിലനിര്ത്തിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഏതെങ്കിലും മതത്തിന്റെ വിശ്വാസങ്ങളെയോ, നിയമങ്ങളെയോ ആചാരങ്ങളെയോ ചെറുതാക്കി കാണാന് ഒരാളും മുതിരരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്ശനുവമായി കേരള മുസ്ലീം ജമാഅത്ത് എറണാകുളം ജില്ലാ അധ്യക്ഷന് രംഗത്ത് വന്നു. മുഖ്യമന്ത്രി പരാമര്ശം പിന്വലിക്കണമെന്നും സയ്യിദ് സി ടി ഹാഷിം തങ്ങള് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമെന്ന് വിമര്ശിച്ചു. മുഖ്യമന്ത്രി മത പണ്ഡിത വേഷമെടുക്കുന്നത് ശരിയല്ലെന്നും കിട്ടിയ ഉപദേശമനുസരിച്ചാകാം മുഖ്യമന്ത്രി പ്രതികരിച്ചതെന്നും പറഞ്ഞു.
കാന്തപുരത്തെ തള്ളിയ നിലപാടില് ക്ലിഫ് ഹൌസിലെത്തി കാന്തപുരം എപി വിഭാഗം ഇന്നലെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. ഖലീല് ബുഖാരി തങ്ങള്, വണ്ടൂര് അബ്ദുല് റഹ്മാന് ഫൈസി തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
സ്ത്രീകള് വീടുകളില് അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന് കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രസ്താവനയോട് കേരള സര്ക്കാരിനോ തങ്ങളുടെ പാര്ട്ടിക്കോ ഒരു തരത്തിലും യോജിക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.







Comments