
ബഡായി ബംഗ്ലാവ് എന്ന സ്കെച്ച് കോമഡി സെലിബ്രിറ്റി ടോക്ക് ഷോയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ആര്യ ബാബു. അവതാരകയായിരുന്ന ആര്യയുടെ കരിയര് തന്നെ മാറ്റിമറിച്ചത് ബഡായി ബംഗ്ലാവാണ്. അതിനു ശേഷം ആര്യ ഒരുപാട് സിനിമകളിലും മികച്ച കഥാപാത്രങ്ങള് ചെയ്ത് ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന് അവതാരകരില് ഏറെ കൈയടി നേടിയിട്ടുള്ള താരം കൂടിയാണ് ആര്യ.
ബിഗ് ബോസ് മലയാളത്തില് മത്സരാര്ത്ഥിയായി എത്തിയ ശേഷം ആര്യയുടെ ജീവിതമാകെ മാറിമറിഞ്ഞു. ഹൗസിനുള്ളില് പോകും മുമ്പ് ഒരു റിലേഷൻഷിപ്പിൽ ആയിരുന്ന ആര്യ പുറത്തു വന്നപ്പോൾ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയും ട്രോമയുമായിരുന്നുവെന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതില് നിന്നെല്ലാം പറന്നുയര്ന്ന ആര്യ ഈയടുത്ത് കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനെ വിവാഹം ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയുടെ പുനര്വിവാഹത്തിന് നാക്ഷ്യം വഹിച്ചത് ആദ്യ വിവാഹത്തിലെ മകള് ഖുഷിയാണ്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് വർഷങ്ങള്ക്ക് ശേഷമായിരുന്നു ആര്യയുടെ രണ്ടാം വിവാഹം.
ഇപ്പോഴിതാ തന്റെ പുനര്വിവാഹത്തെപ്പറ്റി കേട്ടറിഞ്ഞ ചിലര് പറഞ്ഞ വാക്കുകളെപ്പറ്റി മനസ്സു തുറക്കുകയാണ് ആര്യ. എന്തിനാണ് ഇനിയൊരു വിവാഹമെന്നത് പലരും ചോദിച്ചിട്ടുണ്ടെന്നും ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ഇത്ര പ്രയാസമാണോ എന്നൊക്കെ ചോദിച്ച ആള്ക്കാരും കുറവല്ലെന്നും ആര്യ പറയുന്നു.
‘‘എന്തിനാണ് രണ്ടാമതൊരു വിവാഹമെന്ന് കുറേ പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ വീട്ടില് നിന്ന് ചോദിച്ചിട്ടുണ്ട്. ഒന്ന് പാളിയതല്ലേ, ഇനി എന്തിനാണ്, ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ഇത്ര പ്രയാസമാണോ എന്നൊക്കെ ചോദിച്ച ആള്ക്കാരുണ്ട്. ജീവിതത്തില് ഒരു കംപാനിയൻ വേണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ടേക്ക് കെയർ ചെയ്യാനുള്ള ഒരാളല്ല. ഒരു കംപാനിയൻ. അങ്ങനെയൊരു കംപാനിയൻ ജീവിതത്തില് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ചിലർ വളരെ സ്ട്രോങാണ്. രഞ്ജിനി ചേച്ചിയെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അവർ വളരെ നല്ലതാണ്. പക്ഷെ എനിക്ക് എന്റെ ജീവിതത്തില് ബാലൻസ് ചെയ്യാൻ ഒരാള് കൃത്യമായി വന്നു. അത് വലിയ കാര്യമാണ്. എല്ലാം എനിക്ക് വെല് ബാലൻസ്ഡ് ആണ്.
വഴക്കിട്ട് കിടന്നുറങ്ങരുതെന്ന് ഭർത്താവ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് അവനെന്നോട് പറഞ്ഞു. ഞാനൊരു കാര്യം മാത്രമേ നിന്നോട് പറയുന്നുള്ളൂ, നമ്മള് വഴക്കിടും, പക്ഷെ പ്രശ്നം പരിഹരിക്കാതെ നമ്മള് ഉറങ്ങാൻ കിടക്കില്ലെന്ന് എനിക്ക് ഉറപ്പ് തരണം എന്ന്. ഇന്ന് വരെയും ഞങ്ങളത് പാലിക്കുന്നു. ബേസിക്കലി നമ്മള് വഴക്കിടുന്നത് ഈഗോ ഹർട്ടാകുമ്പോഴാണ്. ആ ഈഗോ മനസില് വെക്കുന്നത് മോശമാണ്. അത് നമ്മളെ തന്നെ ഡൗണ് ആക്കും.
ഒരിക്കലും പങ്കാളിയെ മറ്റുള്ളവരുടെ മുന്നില് തരം താഴ്ത്തരുത്. അത് വളരെ പ്രധാനമാണ്. ഞാനും പണ്ട് ചെയ്ത കാര്യമാണ്. സുഹൃത്തുക്കളുടെ അടുത്ത് പോയി ഭർത്താവിന്റെ കുറ്റം പറയും. അല്ലെങ്കില് ഭർത്താവിന്റെ സുഹൃത്തുക്കളെ വിളിച്ച് ആളുടെ കുറ്റം പറയുക. ഒരിക്കലും അത് ചെയ്യരുത്. നിങ്ങള് തന്നെ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറഞ്ഞാല് അതിലും മോശം കാര്യം എന്തെങ്കിലുമുണ്ടോ. എനിക്കും ഭർത്താവിനും പരസ്പരം ഇഷ്ടമില്ലാത്ത കുറേ കാര്യങ്ങളുണ്ട്. മൂന്നാമതൊരാളോട് അത് വിളിച്ച് പറയേണ്ടതില്ല...’’ ആര്യ ബഡായി പറഞ്ഞു. വിവാഹത്തെക്കുറിച്ചും വേര്പിരിയലിനെക്കുറിച്ചും സ്വയം കെട്ടിപ്പടുത്ത അതിജീവനത്തിന്റെ വഴികളെക്കുറിച്ചും അശ്വതി അശോക് വിശാലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആര്യ സംസാരിച്ചത്.







Comments